Skip to main content

പുനർഗേഹം പദ്ധതി: യോ​ഗം ചേർന്നു

പുനർ​ഗേഹം പദ്ധതിയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട തുടർനടപടികൾ ചർച്ചചെയ്യുന്നതിനായി ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ജില്ലാതല നിർവഹണ സമിതി യോ​ഗം ചേർന്നു. പുനർ​ഗേഹം പദ്ധതിയു‌ടെ പുരോ​ഗതി യോ​ഗം ചർച്ച ചെയ്തു. 

 

വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ ദൂരത്തിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് പുനര്‍ഗേഹം. 323 അപേക്ഷകളിൽ 107 അപേക്ഷകൾ മോണിറ്ററിങ് കമ്മിറ്റി അം​ഗീകരിച്ച് രജിസ്ട്രേഷൻ നടപടികളിലേക്ക് കടന്നതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ​യോ​ഗത്തെ അറിയിച്ചു. 

 

പുനർ​ഗേഹം പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ ​യോ​ഗം ചേരാനും തീരുമാനിച്ചു. കോഴിക്കോട് ജില്ലയുടെ പ്രത്യേകത കണക്കിലെടുത്ത് പദ്ധതിക്കായി വാങ്ങുന്ന ഭൂമി വില വർദ്ധിപ്പിക്കണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്യുമെന്ന് കലക്ടർ പറഞ്ഞു. പുനർ​ഗേഹം ​ഗുണഭോക്താക്കളുടെ ഭൂമി വില നിർണ്ണയം വേ​ഗത്തിലാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകുമെന്നും കലക്ടർ പറഞ്ഞു. 

 

കലക്ടറുടെ ചേംബറിൽ ചേർന്ന യോ​ഗത്തിൽ കോർപ്പറേഷൻ കൗൺസിലർ വി.കെ മോഹൻദാസ്, കൊയിലാണ്ടി ന​ഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, പഞ്ചായത്ത് പ്രസിഡന്റുമാരായ വി അനുഷ, സതി കിഴക്കയിൽ, പി ശ്രീജിത്ത്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി.കെ സുധീർ കിഷൻ, പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

 

 

 

 

date