Skip to main content

നവീകരിച്ച സീനിയര്‍ സിറ്റിസണ്‍ റിക്രിയേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു

കാരശ്ശേരി പഞ്ചായത്തിൽ നവീകരിച്ച കുറ്റിപ്പറമ്പ് സീനിയര്‍ സിറ്റിസണ്‍ റിക്രിയേഷന്‍ സെന്റർ കെട്ടിടം ഉദ്ഘാടനം ചെയ്തു. വയോധികര്‍ക്കായി വാര്‍ഡ് പതിനെട്ടിലെ കുറ്റിപ്പറമ്പില്‍ നിര്‍മ്മിച്ച സെന്ററിൽ അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമായതോടെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചിലവില്‍ കെട്ടിടം പഞ്ചായത്ത് നവീകരിക്കുകയായിരുന്നു.

 

വയോധികര്‍ക്ക് ഒന്നിച്ചിരിക്കാനും വായിക്കാനും ടെലിവിഷന്‍, വിനോദ പരിപാടികള്‍ ആസ്വദിക്കാനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ ഇരിപ്പിടങ്ങള്‍, വ്യായാമ ഉപകരണങ്ങള്‍ എന്നിവ വൈകാതെ സജ്ജമാക്കും. ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് വിവിധ മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവത്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും. മാസത്തിലൊരിക്കല്‍ വയോജനങ്ങള്‍ക്ക് ആസ്വാദകരമാവുന്ന രീതിയില്‍ കള്‍ച്ചറല്‍ പരിപാടികൾ നടത്തും.

 

റിക്രിയേഷന്‍ സെന്ററിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ആമിന എടത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ എം.എ സൗദ ടീച്ചർ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മാരായ സത്യൻ മുണ്ടയിൽ, ശാന്താ ദേവി മൂത്തേടത്ത്, ജിജിത സുരേഷ്, അഷ്‌റഫ്‌ തച്ചാറമ്പത്ത്, സുനിത രാജൻ, ശ്രുതി കമ്പളത്ത്, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് സ്വാഗതവും സെക്രട്ടറി കെ. സീനത്ത് നന്ദിയും പറഞ്ഞു.

 

 

date