Skip to main content

കിടപ്പിലായ കുട്ടികൾക്ക് വിദ്യാലയാനുഭവങ്ങൾ ഉറപ്പാക്കാൻ ഞാറക്കൽ പഞ്ചായത്ത് 

 

കിടപ്പിലായ കുട്ടികൾക്ക് വിദ്യാലയാനുഭവങ്ങൾ ഉറപ്പാക്കാൻ സ്പേസ് (സ്പെഷ്യൽ പ്ലാറ്റ്ഫോം റ്റു അചീവ് ക്ലാസ് റൂം എക്സ്പീരിയൻസ് ഫോർ ബെഡ് റിഡൻ ചിൽഡ്രൻ) പദ്ധതിയുമായി ഞാറക്കൽ ഗ്രാമ പഞ്ചായത്ത്. കിടപ്പിലായ കുട്ടികൾക്ക് വിദ്യാലയാനുഭവം ഒരുക്കികൊടുത്ത് അവരെ പൊതുസമൂഹത്തിലേക്ക് നയിക്കുകയാണ് പദ്ധതി ലക്ഷ്യംവയ്ക്കുന്നത്. 

എറണാകുളം ജില്ലാ പഞ്ചായത്തും വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തും ഞാറക്കൽ ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഞാറക്കൽ പഞ്ചായത്തിലെയും സമീപത്തെ അഞ്ചു പഞ്ചായത്തുകളിലെയും കുട്ടികളാണ് ഈ പദ്ധതിയുടെ ഭാഗമാകുക. ഞാറക്കൽ വൊക്കേഷണൽ ഗവണ്മെൻ്റ് ഹയർസെക്കൻഡറി സ്കൂളിലാണ് ഇവർക്കായി ക്ലാസ് മുറി തയ്യാറാക്കുക.

കിടപ്പിലായ കുട്ടികൾക്ക് അനുയോജ്യമായ ഭൗതികസൗകര്യങ്ങളും നൂതന സാങ്കേതികവിദ്യകളും ഒരുക്കിയ പ്രത്യേക ക്ലാസ് മുറിയും അധിക പിന്തുണയ്ക്കായി സ്പെഷ്യൽ എഡ്യൂക്കേഴ്സ്, ആയമാർ, തെറാപ്പിസ്റ്റുകൾ, കൗൺസിലേഴ്സ്, ഡോക്ടർമാർ തുടങ്ങിയവർ ഉൾച്ചേർന്ന ഒരു സംഘവും പദ്ധതി പ്രകാരം ഒരുക്കും.

സ്പെഷ്യൽ എഡ്യൂക്കേറ്ററുടെ സേവനം സമഗ്ര ശിക്ഷ കേരളം ഉറപ്പുവരുത്തിയിട്ടുണ്ട്. വാഹന സൗകര്യം നന്നായി പ്രയോജനപ്പെടുത്തി എല്ലാ കുട്ടികളെയും സ്കൂളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്ക് സമഗ്ര ശിക്ഷ കേരളം 5 ലക്ഷം രൂപയും നൽകുന്നുണ്ട്. ഐസിയു ബെഡ് സംവിധാനം (മിനിമം മൂന്ന് എണ്ണം), ഫിസിയോ, സ്പീച്ച്, മ്യൂസിക്, ഒക്യുപ്പേഷണൽ, ഹോർട്ടികൾച്ചർ തെറാപ്പികൾക്ക് വേണ്ട ഉപകരണങ്ങൾ, വിദഗ്ദസമിതി നിർദ്ദേശിക്കുന്ന മറ്റ് വിവിധ സാധനങ്ങൾ തുടങ്ങിയവയും സെന്ററിലേക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും വാങ്ങുന്നതിനാണ് ഈ തുക നൽകിയിരിക്കുന്നത്. ജില്ലയിലെ പാലക്കുഴ പഞ്ചായത്തിലും ഈ പദ്ധതി നടപ്പാക്കുന്നുണ്ട്.

date