Skip to main content
സമഗ്ര ശിക്ഷ കേരളത്തിന്റെ നേതൃത്വത്തില്‍ നൈപുണി വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള ജില്ലാതല പദ്ധതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു

നൈപുണീ വികസന കേന്ദ്രം  ജില്ലാതല പദ്ധതി രൂപീകരണ യോഗം 

    സമഗ്ര ശിക്ഷ കേരളത്തിന്റെ നേതൃത്വത്തില്‍ നൈപുണി വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള ജില്ലാതല പദ്ധതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. 

    ഉന്നത നിലവാരമുള്ള തൊഴില്‍ വൈവിധ്യം യുവതലമുറയ്ക്കു നല്‍കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലയില്‍ 14 നൈപുണി വികസന കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. ഇതിനായി 12 വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളും 2 ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളുമാണു തിരഞ്ഞെടുത്തിരിക്കുന്നത്.  

    ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനു ശേഷം വിദ്യാര്‍ഥികള്‍ക്കു തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കാനാണ് നൈപുണി വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഇതിലൂടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു പരിശീലനം വഴി അഭിരുചിയുള്ള മേഖലയില്‍ മികച്ച തൊഴില്‍ അവസരങ്ങള്‍ തിരഞ്ഞെടുക്കാം. ശനി, ഞായര്‍, പൊതു അവധി ദിവസങ്ങളിലാണു പരിശീലനം. 

    പരിശീലനം അവസാനിക്കുമ്പോള്‍ പരിശീലനം നേടിയ കോഴ്‌സുകളില്‍ ബന്ധപ്പെട്ട സെക്ടര്‍ സ്‌കില്‍ കൗണ്‍സിലുകള്‍ മൂല്യനിര്‍ണയം നടത്തുകയും അംഗീകൃത സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും. 

    ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ അസി.കളക്ടര്‍ ഹര്‍ഷിത് ആര്‍ മീണ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷാ കേരളം ജില്ല പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.മഞ്ജു, നൈപുണി വികസന കേന്ദ്രം റീജണല്‍ കോര്‍ഡിനേറ്റര്‍ ബി.അജയ്, ജില്ലയിലെ വിവിധ സ്‌കൂളിലെ പ്രധാന അധ്യാപകര്‍, അധ്യാപകര്‍, വിവിധ ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date