Skip to main content

ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത്:  പരിഗണിച്ച 226 പരാതികളും തീർപ്പാക്കി 

ആലപ്പുഴ: കുട്ടനാട് താലൂക്കിൽ നടന്ന ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്തിൽ ലഭിച്ച മുഴുവൻ പരാതികളും തീർപ്പാക്കി ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ. 226 പരാതികളാണ് അദാലത്തിൽ ലഭിച്ചത്. അതത് വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ ജില്ല കളക്ടർ നേരിട്ടാണ് പരാതികൾ പരിഗണിച്ചത്. കൂടുതൽ പരിശോധനകൾ ആവശ്യമുള്ളവ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി അതാത് വകുപ്പ് മേധാവികൾക്ക് കളക്ടർ കൈമാറി.

അദാലത്ത് ദിവസമായ ഇന്നലെ മാത്രം കുട്ടനാട് താലൂക്ക് പരിധിയിലെ വിവിധ സർക്കാർ ഓഫിസുകളുമായി ബന്ധപ്പെട്ട 96 പരാതികളാണ് ലഭിച്ചത്. നേരത്തെ ലഭിച്ച 130 പരാതികളും ഉൾപ്പടെയാണ് 226 പരാതികൾ പരിഗണിച്ചത്.

കൃഷി, ബണ്ട് നിർമ്മാണവുമായി ബന്ധപ്പെട്ട പരാതികൾ, കുടിവെള്ള പ്രശ്നം, അതിർത്തി പ്രശ്നം, വഴി തർക്കം, വീട് നിർമാണം, ബാങ്കിങ്, അനധികൃത കയ്യേറ്റം, വിദ്യാഭ്യാസ സഹായം, സ്വയം തൊഴിൽ സഹായം തുടങ്ങിയ പരാതികളാണ് അദാലത്തിൽ ലഭിച്ചത്. 

കുട്ടനാട് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നടന്ന അദാലത്ത് ജില്ല കളക്ടർ വി.ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. തോമസ് കെ. തോമസ് എം.എൽ.എ, എ.ഡി.എം.  എസ്. സന്തോഷ്‌ കുമാർ, ഡെപ്യൂട്ടി കളക്ടർമാരായ ബി. കവിത, ആർ. സുധീഷ്, ജെ. മോബി, പുഞ്ച സ്പെഷ്യൽ ഓഫീസർ ജെസ്സിക്കുട്ടി മാത്യു, കുട്ടനാട് തഹസിൽദാർ എസ്. അൻവർ, കുട്ടനാട് തഹസിൽദാർ (ഭൂരേഖ) ജെ. താജ്ജുദീൻ, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date