Skip to main content

രാജമ്മയുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി ജില്ല കളക്ടറുടെ അദാലത്ത്  

ആലപ്പുഴ: നീണ്ട കാലത്തെ സ്വപ്‌നമായിരുന്നു രാജമ്മയ്ക്ക് സ്വന്തമായി ഒരു വീട് വെണമെന്നത്. ഈ സ്വപനം സാക്ഷാത്ക്കരിക്കാനാവശ്യമായ നടപടി പ്രതീക്ഷിച്ചാണ് തലവടി ഗ്രാമപഞ്ചായത്തിലെ പുത്തന്‍പറമ്പ് വീട്ടില്‍ ഭിന്നശേഷിക്കാരിയായ പി.ജി. രാജമ്മ കുട്ടനാട് താലൂക്കിലെ ജില്ല കളക്ടറുടെ പരാതി പരിഹാര അദാലത്തിനെത്തിയത്. ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി വീട് ലഭിക്കും എന്ന സന്തോഷത്തോടെയാണ് ഇവര്‍ അദാലത്ത് വേദിയില്‍ നിന്നും തിരികെ മടങ്ങിയത്. 
 
മേള്‍ക്കൂര തകര്‍ന്ന ചോര്‍ന്നൊലിക്കുന്ന വീട്ടിലാണിപ്പോള്‍ ഇവര്‍ താമസിക്കുന്നത്. മഴക്കാലമായാല്‍ ഏറെ പ്രയാസമാണ്. ഓട്ടോറിക്ഷ ഡ്രൈവറായ ഭര്‍ത്താവിന്റെ ഏക വരുമാനമാണ് ഈ കുടുംബത്തിന്റെ ആശ്രയം. സര്‍ക്കാരില്‍ നിന്ന് വീട് ലഭിക്കാനുള്ള സഹായം കിട്ടിയാല്‍ മാത്രമേ ഇവര്‍ക്ക് സ്വന്തമായി ഒരു വീട് നിര്‍മിക്കാന്‍ സാധിക്കൂ. 

രാജമ്മയുടെ പ്രശ്‌നങ്ങള്‍ ചേദിച്ചറിഞ്ഞ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഇവര്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് അനുവദിക്കാനുള്ള നടപടികള്‍ പരിശോധിക്കാന്‍ തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. തനിക്ക് പുതിയ വീട് നല്‍കാനായുള്ള നടപടികള്‍ എടുക്കാമെന്ന ഉറപ്പ് ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് രാജമ്മ പറഞ്ഞു.

date