Skip to main content

കുട്ടനാട് താലൂക്കിലെ റേഷന്‍ കടയില്‍ മിന്നല്‍ പരിശോധന നടത്തി കളക്ടര്‍

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ നെടുമുടി ഫര്‍ക്കയിലെ റേഷന്‍ കടയില്‍ മിന്നല്‍ പരിശോധന നടത്തി ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ. റേഷന്‍ കടയിലെ നിലവിലെ ഭക്ഷ്യധാന്യങ്ങളുടെ സാമ്പിളുകള്‍, വിതരണം ചെയ്യുന്ന രീതി എന്നിവ ചോദിച്ചറിയുകയും ഇ-പോസ് മെഷീന്റെ പ്രവര്‍ത്തനം, റേഷന്‍ കടയിലെ സ്റ്റോക്ക്, റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ ഗുണ നിലവാരം, വിലവിവരപ്പട്ടിക എന്നിവ പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്തു. കെ- സ്റ്റോറിനായി തെരഞ്ഞെടുത്ത ജില്ലയിലെ കടകളും അവിടെ നിന്നും ലഭിക്കുന്ന സേവനങ്ങളും കലക്ടര്‍ വിലയിരുത്തി. 
 
ഒരു ജില്ലയിലെ അഞ്ച് റേഷന്‍ കടകള്‍ കളക്ടര്‍ നേരിട്ടെത്തി പരിശോധിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിന്റെ ഭാഗമായാണിവിടെ മിന്നല്‍ സന്ദര്‍ശനം നടത്തിയത്. വരും ദിവസങ്ങളില്‍ മറ്റ് താലൂക്കുകളിലും പരിശോധന നടത്തും. ജില്ല സപ്ലൈ ഓഫീസര്‍ ടി. ഗാന ദേവി, താലൂക്ക് സപ്ലൈ ഓഫീസര്‍ ജ്യോതിലക്ഷ്മി, റേഷനിംഗ് ഇന്‍സ്‌പെക്ര്‍ എം.ഐ. മുനീര്‍ ജില്ല പ്രൊജക്ട് മാനേജര്‍ കെ.എസ്. സരിത എന്നിവര്‍ പങ്കെടുത്തു.

date