Skip to main content

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി: ജില്ലാതല അദാലത്ത് നവംബര്‍ 13ന്

മത്സ്യഫെഡില്‍ നിന്നും മത്സ്യബന്ധന ഉപകരണ വായ്പ എടുത്തിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ബാക്കിനില്‍ക്കുന്ന കുടിശ്ശിക തുകയില്‍ പലിശ, പിഴപ്പലിശ എന്നിവ എഴുതിത്തള്ളി മുതല്‍ തുക മാത്രം അടച്ചുകൊണ്ട് വായ്പ കണക്ക് തീര്‍പ്പാക്കുന്നതിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല അദാലത്ത് നവംബര്‍ 13 ന് മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍ ഉദ്ഘാടനം ചെയ്യും. 

 

2020 മാര്‍ച്ച് 31 നുള്ളില്‍ കാലാവധി പൂര്‍ത്തിയായതും ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍, ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍, ദേശീയ ന്യൂനപക്ഷ വിഭാഗ വികസന ധനകാര്യ കോര്‍പ്പറേഷന്‍ പദ്ധതികളില്‍ മത്സ്യബന്ധന ഉപകരണ വായ്പ എടുത്തിട്ടുള്ള ഗുണഭോക്താക്കള്‍ക്കാണ് അവസരം. 

 

മത്സ്യഫെഡ് ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍, ജില്ലാതല ഭരണസമിതി അംഗങ്ങള്‍, മത്സ്യഫെഡ് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളായിട്ടുള്ള അദാലത്ത് കമ്മിറ്റിയാണ് അപേക്ഷകള്‍ തീര്‍പ്പാക്കുന്നത്. 

 

കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മത്സ്യഫെഡ് ഭരണസമിതി അംഗം സി.പി രാമദാസന്‍ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികള്‍, വിവിധ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

date