Skip to main content

കരിഞ്ചന്ത, പൂഴ്ത്തി വയ്പ്: വ്യാപാരികളുമായി ചര്‍ച്ച നടത്തി

 

പൊതുവിപണിയില്‍ അരിയുടെയും  അവശ്യസാധനങ്ങളുടെയും  കമ്പോള  വില ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, കൃത്രിമ വിലകയറ്റം തുടങ്ങിയവ തടയുന്നതിനായി ജില്ലയിലെ വ്യാപാരി വ്യവസായികളുമായി ചര്‍ച്ച നടത്തി. ജില്ലാ അഡീഷനല്‍ മജിസ്ട്രേറ്റ് എന്‍.എം മെഹറലി അധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍.മിനിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ വ്യാപാരി വ്യവസായി പ്രതിനിധികളും വിവിധ താലൂക്ക് സപ്ലൈ ഓഫീസര്‍മാരും പങ്കെടുത്തു.  

വിലക്കയറ്റം വ്യാപാരികള്‍ കൃത്രിമമായി സൃഷ്ടിക്കുന്നതല്ലെന്നും ജി.എസ്.ടി, ഇന്ധന വിലവര്‍ധന, കര്‍ഷക സമരം, പ്രളയം, കോവിഡ് എന്നിവ മൂലമുണ്ടായതാണെന്ന് വ്യാപാരികള്‍ പറഞ്ഞു. കോവിഡ് കാരണം കൃത്യമായി ത്രാസുകള്‍ സീല്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്കായി ലീഗല്‍ മെട്രോളജി കൂടുതല്‍ അദാലത്തുകള്‍ അനുവദിക്കണമെന്നും സ്വകാര്യ പോര്‍ട്ടുകള്‍ വഴിയുള്ള അനിയന്ത്രിത കയറ്റുമതി തടയണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. സാധനങ്ങള്‍ക്ക് അന്യായ വില ഈടാക്കുന്നവര്‍ക്കും പൂത്തിവെപ്പുകാര്‍ക്കും സംരക്ഷണം നല്‍കില്ലെന്ന് വ്യാപാര സംഘടനാ പ്രതിനിധികള്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് ഉറപ്പ് നല്‍കി. എല്ലാ സ്ഥാപനങ്ങളിലും കൃത്യമായി വിലവിവര പട്ടിക സ്ഥാപിക്കാനും വിലകളില്‍ ഏകോപനം കൊണ്ടുവരാനും എ.ഡി.എം എന്‍എം മെഹറലി വ്യാപരികളോട് ആവശ്യപ്പെട്ടു. പരിശോധനയുടെ പേരില്‍ വ്യാപാരികള്‍ക്കെതിരെ അനാവശ്യ പിഴയും നടപടികളും എടുക്കില്ലെന്ന് എ.ഡി.എം വ്യാപാരികള്‍ക്ക് ഉറപ്പ് നല്‍കി.    

പൊതു വിപണിയിലെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലവര്‍ധനവ് നിയന്ത്രിക്കുന്നതിന് പരിശോധന ശക്തിപ്പെടുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍ നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലയില്‍ കൃത്രിമമായ വര്‍ധനവ് സൃഷ്ടിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരിഞ്ചന്ത,  പൂഴ്ത്തിവെയ്പ്പ്, കൃത്രിമ വിലകയറ്റം  തുടങ്ങിയവ തടയുന്നതിനായി പൊതുവിതരണം, ലീഗല്‍ മെട്രോളജി, റവന്യൂ, പൊലീസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ എല്ലാ താലൂക്കുകളിലും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.

date