Skip to main content
പറവൂർ താലൂക്കിൽ സന്നദ്ധസേന പ്രവർത്തകർക്ക് നൽകിയ ദുരന്ത മുന്നൊരുക്ക പരിശീലനം

സന്നദ്ധസേന പ്രവർത്തകർക്ക് ദുരന്ത മുന്നൊരുക്ക പരിശീലനം 

 

സംസ്ഥാന സർക്കാർ പൊതുഭരണ വകുപ്പിന്റെ കീഴിൽ രൂപം നൽകിയിട്ടുള്ള സാമൂഹിക സന്നദ്ധ സേനയിൽ രജിസ്റ്റർ ചെയ്ത പ്രവർത്തകർക്ക് പറവൂർ താലൂക്കിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പറവൂർ മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന പരിശീലന പരിപാടി താലൂക്ക് തഹസിൽദാർ കെ.എൻ. അംബിക  ഉദ്ഘാടനം ചെയ്തു. 

ഫയർ ആൻഡ് സേഫ്റ്റി, മെഡിക്കൽ ഫസ്റ്റ് എയ്ഡ്, ദുരന്ത നിവാരണം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. പറവൂർ ഫയർ സ്റ്റേഷൻ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സി.ജി. ഷാജി, പറവൂർ താലൂക്ക് ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ കെ.ജി. ജയൻ, കേരള യൂത്ത് ലീഡർഷിപ്പ് പ്രതിനിധി ലീല ജെറാൾഡ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരാണ് ക്ലാസുകൾ നയിച്ചത്. 144 സന്നദ്ധസേന പ്രവർത്തകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. 

നഗരസഭ ചെയർപേഴ്സൺ പ്രഭാവതി ടീച്ചർ  പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസിൽദാർമാരായ ഉമ എം മേനോൻ, ടി.എഫ്. ജോസഫ്, ഇൻ്റർ ഏജൻസി ഗ്രൂപ്പ് പറവൂർ മേഖല കൺവീനർ എസ്. രാജൻ എന്നിവർ സംസാരിച്ചു.

സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന് ജില്ലയിലെ 1000 സന്നദ്ധസേന പ്രവർത്തകർക്ക് വിവിധ വിഷയങ്ങളിൽ പരിശീലന പരിപാടികൾ നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് ജില്ലയിലെ എല്ലാ താലൂക്കുകളിലും പരിശീലനം സംഘടിപ്പിക്കുന്നത്.
 

date