Skip to main content
ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷങ്ങളുടെ സമാപന യോഗം ജില്ലാ കളക്ടർ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്യുന്നു

ഭാഷയ്ക്ക് ഒറ്റയ്ക്ക് നിലനിൽപ്പില്ല:  ജില്ലാ കളക്ടർ ഭരണഭാഷാ വാരാചരണം സമാപിച്ചു

 

ഒരു ഭാഷയ്ക്ക് ഒറ്റയ്ക്ക് ലോകത്തിൽ നിലനിൽപ്പില്ലെന്നും പരസ്പരം കൊടുക്കൽ വാങ്ങലുകളിലൂടെയാണ് ഭാഷ വളരുന്നതെന്നും ജില്ലാ കളക്ടർ ഡോ.രേണു രാജ് പറഞ്ഞു. ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും  സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷാ  വാരാഘോഷത്തിന്റെ സമാപന സമ്മേളനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടർ.

മനുഷ്യനെപ്പോലെ, മറ്റു ഭാഷകളിൽ നിന്നും സഹവർത്തിത്വത്തിൽ വളരുവാനും പരിപോഷിപ്പിക്കാനും കഴിയുന്ന ഒന്നാണ് ഭാഷ. ഈ സന്ദേശം പ്രചരിപ്പിക്കാൻ സാധിക്കണം. ഭാഷയുടെ വളർച്ച നമ്മുടെ ചുമതലയാണ്. സാഹിത്യത്തിലും ഭാഷയുടെ ചരിത്രത്തിലും വളർച്ചയിലുമെല്ലാം നമ്മുടേതായ പങ്ക് നൽകി മുന്നോട്ട് കൊണ്ടുപോകാൻ കഴിയണം. ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും ചേർന്ന് ഭാഷാ വാരചരണയുമായി ബന്ധപ്പെട്ട് ചിത്ര പ്രദർശനം, കലാമത്സരങ്ങൾ, എഴുത്ത് മത്സരങ്ങൾ, പ്രശ്നോത്തരി, കവിതാലാപനം തുടങ്ങി വിപുലമായ പരിപാടികളാണ് താഴെത്തട്ടിലുള്ള ഓഫീസുകളിൽ ഉൾപ്പെടെ  ജില്ലയിൽ നടന്നതെന്നും കളക്ടർ പറഞ്ഞു.

ആകാശവാണി തിരുവനന്തപുരം നിലയം പോഗ്രാം എക്സിക്യൂട്ടീവും കവിയുമായ ശ്രീകുമാർ മുഖത്തല മുഖ്യാതിഥിയായി.
ഭാഷ എക്കാലവും സാധാരണക്കാരന്റേതാണെന്ന് ശ്രീകുമാര്‍ മുഖത്തല പറഞ്ഞു. സാധാരണക്കാരന് മനസ്സിലാക്കുന്നവിധത്തിലാകണം ഭാഷയുടെ പ്രയോഗം. ഏത് ഭാഷയെയും ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ഭാഷയാണ് മലയാളം. അതുകൊണ്ട് ഏത് ഭാഷയും മലയാളിക്ക് കൈകാര്യം ചെയ്യാന്‍ കഴിയും. പുതിയ തലമുറയില്‍ വളരെ നന്നായി ഭാഷ കൈകാര്യം ചെയ്യുന്നവരുണ്ട്. സകല വാക്കുകള്‍ക്കും മലയാളം വേണമെന്ന് നിര്‍ബന്ധം പിടിക്കേണ്ടതില്ല. പുതിയ പ്രയോഗങ്ങള്‍ രൂപപ്പെടുന്നത് ഭാഷയുടെ വളര്‍ച്ചയുടെ ഭാഗമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ എ.ഡി.എം  എസ്. ഷാജഹാൻ അധ്യക്ഷത വഹിച്ചു.  ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, ജില്ലാ ഇൻഫർ ഓഫീസർ നിജാസ് ജ്യുവൽ, ഹുസൂർ ശിരസ്തദാർ അനിൽകുമാർ മേനോൻ, അസിസ്റ്റന്റ് എഡിറ്റർ സി.ടി. ജോൺ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എം.എൻ. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

സമാപന യോഗത്തിൽ ജില്ലാ ലേബർ ഓഫീസിലെ ധന്യാ മുകുന്ദൻ കേരളഗാനം ആലപിച്ചു. വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ കവിതാലാപന മത്സരത്തിനും പ്രശ്നോത്തരി മത്സരത്തിലും വിജയികളായവർക്ക്  കളക്ടർ   പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു.
കവിതാലാപന മത്സരത്തിൽ 32 പേർ പങ്കെടുത്തു. പ്രശ്നോത്തരി മത്സരത്തിൽ 34 ടീമുകളും പങ്കെടുത്തു. 
വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. കവിതാലാപന മത്സരത്തിൽ കവി ശ്രീയുക്താ രാജാ വിധികർത്താവായി. ആകാശവാണി തിരുവനന്തപുരം നിലയം പ്രോഗ്രാം എക്സിക്യൂട്ടീവും കവിയുമായ ശ്രീകുമാർ മുഖത്തല പ്രശ്നോത്തരിയ്ക്ക് നേതൃത്വം നൽകി.

കവിതാലാപന മത്സരത്തിന് ടി. പ്രദീപ് (കച്ചേരിപ്പടി ജി. എസ്. ടി ഓഫീസ് ) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചൊവ്വര ഗവ. എച്ച്. എസ്. എസ് സ്കൂളിലെ വി.എ.അഞ്ജലി, കാലടി വില്ലേജ് ഓഫീസിലെ ജീവനക്കാരനായ ടി. ഡി.മാർട്ടിൻ എന്നിവർ രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി. പ്രശ്നോത്തരിയിൽ പാമ്പാക്കുട ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസ് ജീവനക്കാർ ജേതാക്കളായി. ആർ. പ്രിയരഞ്ജൻ, എസ്. ശ്രീലക്ഷ്മി എന്നിവരടങ്ങിയ ടീമാണ് ഒന്നാം സ്ഥാനം നേടിയത്. രണ്ടാം സ്ഥാനം അങ്കമാലി നഗരസഭയെ പ്രതിനിധീകരിച്ച് എം.പി സേതുമാധവൻ, എ.എൻ വിനോദ് എന്നിവരും മൂന്നാം സ്ഥാനം വിദ്യാഭ്യാസ ഉപ ഡയക്ടറുടെ ഓഫീസിലെ  കെ.ജി ജീനാമേരി, ബിൻസി ജോസഫ് എന്നിവരടങ്ങിയ ടീമുകളും കരസ്ഥമാക്കി. കവിതാലാപന വിജയികളുടെ  കവിതാലാപനവും വേദിയിൽ നടന്നു

date