Skip to main content
മതിലകം ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡായ പോക്ലയിലെ കുറുന്തോട്ടി കൃഷി

ആറേക്കറിൽ കുറുന്തോട്ടി: ഔഷധ ഗ്രാമമായി മതിലകം

 

ഔഷധ ഗ്രാമം പദ്ധതിയിൽ മതിലകം ഗ്രാമപഞ്ചായത്തിൽ വിളവെടുപ്പിനൊരുങ്ങുന്നത് 6 ഏക്കർ ഔഷധസസ്യം. പതിനാറാം വാർഡായ പൊക്ലയിൽ 6 ഏക്കർ സ്ഥലത്ത് ഔഷധസസ്യകൃഷി നടത്തി ഔഷധ ഗ്രാമം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് മതിലകം.

  "ഞങ്ങളും  കൃഷിയിലേക്ക്” എന്ന പദ്ധതിയുടെ  ഭാഗമായി  മതിലകം ബ്ലോക്ക് പഞ്ചായത്ത്, മതിലകം ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്തമായി നടപ്പിലാക്കിയ ഔഷധസസ്യകൃഷിയാണ് നൂറുമേനി വിളവെടുപ്പിന് ഒരുങ്ങിനിൽക്കുന്നത്. 

തരിശായി കിടന്നിരുന്ന 5 ഏക്കര്‍ സ്ഥലം തൊഴിലുറപ്പ് പദ്ധതി വഴി ഔഷധസസ്യ കൃഷിക്ക് അനുയോജ്യമാക്കിയ ശേഷം 3 ഏക്കറിൽ 3 ലക്ഷം കുറുന്തോട്ടി ചെടികളും ഒന്നരയേക്കർ സ്ഥലം വീതം കച്ചോലവും ശതാവരിയുമാണ് നട്ടുപിടിപ്പിച്ചത്.

മൂന്ന് ഏക്കറോളം വരുന്ന കുറുന്തോട്ടി കൃഷിക്ക് പുറമേ മറ്റത്തൂർ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് കുറുന്തോട്ടി വേരിന് വിപണിയും ഉറപ്പാക്കിയിട്ടുണ്ട്. വേരിന് പുറമെ 8 ലക്ഷം തൈകളും 50 കിലോഗ്രാം വിത്തുമാണ് വിളവ് പ്രതീക്ഷിക്കുന്നത്. 

കൃഷിക്കായി ബ്ലോക്ക് പഞ്ചായത്തിന്റെ ഔഷധ സസ്യവ്യാപന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മൂന്ന് ലക്ഷം കുറുന്തോട്ടി തൈകൾ  സൗജന്യമായി നൽകിയത്. മതിലകം കൃഷിഭവന്‍റെയും പാപ്പിനിവട്ടം ബാങ്കിന്റെയും  സഹായത്തോടെ വാർഡ് മെമ്പറായ ഇ കെ ബിജുവിന്റെ നേതൃത്വത്തിലാണ് വാർഡിലെ തൊഴിലുറപ്പ്  തൊഴിലാളികളെ ഉപയോഗിച്ച് സസ്യകൃഷിയും പരിപാലനവും വിജയകരമായി നടപ്പാക്കിയത്. 

 തീരമണ്ണിൽ വിളവെടുപ്പിന് തയ്യാറായി നിൽക്കുന്ന കുറുന്തോട്ടി തൈകൾ നിറഞ്ഞ പാടം വേറിട്ട കാഴ്ചയുടെ മനോഹാരിതയാണ് ഗ്രാമനിവാസികൾക്ക് നൽകുന്നത്. ഔഷധസസ്യങ്ങളുടെ പ്രാധാന്യം പുതുതലമുറയ്ക്ക്  പകർന്നു നൽകാനും പോക്ല യിലെ ഔഷധസസ്യകൃഷിക്ക്  സാധിച്ചു.

ആയുർവ്വേദത്തിൽ ഏറെ ആവശ്യമുള്ള കുറുന്തോട്ടി കൃഷിരീതിയെ കുറിച്ച് പഠിക്കുവാനും നേരിട്ട് കണ്ടു മനസ്സിലാക്കുവാനും തെലുങ്കാന, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് പ്രതിനിധികൾ എത്തിയിരുന്നു. തൊഴിലുറപ്പ് തൊഴിലിന് വേറിട്ടൊരു മഹിമയും തൊഴിലാളികൾക്ക് കൂടുതൽ തൊഴിലും വരുമാനവും ഉറപ്പാക്കുന്നതോടൊപ്പം മറ്റുള്ളവർക്കും തൊഴിൽ നൽകുംവിധം വാർഡിനെ ഔഷധ ഗ്രാമമാക്കുകയാണെന്ന് വാർഡ് മെമ്പർ ഇ കെ ബിജു പറഞ്ഞു.

date