Skip to main content
അന്താരാഷ്ട്ര നിലവാരത്തിൽ ഉയരുന്ന അന്നമനട ഗവൺമെൻറ് യു പി സ്കൂളിലെ പ്രീപ്രൈമറി വിഭാഗം

ഒരുമിച്ചിരുന്ന് ഒത്തുകളിച്ച് പഠിക്കാൻ 'മലർവാടി'

 

പീലിവിടർത്തി നിൽക്കുന്ന മയിൽ, ആകാശത്തിലേക്ക്  കുതിച്ചുയരുന്ന റോക്കറ്റ്, മരത്തിൻറെ കൊമ്പിൽ തൂങ്ങിയാടുന്ന കുരങ്ങൻ, പാറിപ്പറക്കുന്ന പട്ടങ്ങളും ബലൂണുകളും. ഇങ്ങനെ കളിയിലൂടെ പഠനം സാധ്യമാക്കുന്ന സംവിധാനങ്ങളാണ് അന്നമനട ഗവ. യുപി സ്കൂളിലെ പ്രീപ്രൈമറി വിഭാഗത്തിൽ. 

അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ അന്നമനട ഗവ. യുപി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിന്  'മലർവാടി' എന്ന പേരാണ് നൽകിയിരിക്കുന്നത്. 'സ്റ്റാർസ്' പദ്ധതി പ്രകാരം സമഗ്ര ശിക്ഷ കേരളം 10 ലക്ഷം രൂപയും അന്നമനട പഞ്ചായത്ത് 5 ലക്ഷം രൂപയും ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. 

വിദ്യാർത്ഥികൾക്ക്  ഉയർന്ന പഠന നിലവാരം നൽകുന്നതോടൊപ്പം   വിനോദത്തിനും ഒരു പോലെ പ്രാധാന്യം നൽകുകയാണ് ലക്ഷ്യം. പതിവ് രീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായി കുട്ടികളിൽ പഠനം  സ്വതന്ത്രമായി അനുഭവച്ചറിഞ്ഞ് വൈജ്ഞാനിക മേഖലയെ ആകർഷകമാക്കിയാണ് സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം ഒരുക്കിയിരിക്കുന്നത്. 

ഗണിതയിടം, സംഗീതയിടം, വരയിടം, 'ഇ' - യിടം , ചിത്രയിടം, വായനയിടം, അഭിനയയിടം, കളിയിടം, ശാസ്ത്രയിടം, ഭാഷാ വികസന ഇടം ഇങ്ങനെ 10 ഇടങ്ങളിൽ കുടുംബം, ആഹാരം, ജീവികൾ, കാലാവസ്ഥ, വാഹനങ്ങൾ, പൊതുസ്ഥാപനങ്ങൾ, ഗ്രാമം, കലാരൂപങ്ങൾ തുടങ്ങി 30 തീമുകൾ  നൽകിയാണ് നിർമ്മാണം.

കുരുന്നുകൾക്ക് കളിച്ചുല്ലസിക്കാനായി ആകർഷകമായ പാർക്കും ഒരുക്കിയിട്ടുണ്ട്. സ്കൂൾ മുറ്റത്തെ അത്തിമരത്തിനോട് ചേർന്നൊരുക്കിയിരിക്കുന്ന ഏറുമാടം, കുളം, കളിയൂഞ്ഞാൽ, സ്ലൈഡറുകൾ, അരയന്നം, പെൻഗ്വിൻ, തവള, മുയൽ, സിംഹം എന്നിവയുടെ പ്രതിമകളെല്ലാം 'കിഡ്സ് പാർക്കിൻറെ പ്രത്യേകതകളാണ്. വീൽചെയറുകൾക്കായി റാമ്പ് ഒരുക്കി ഭിന്നശേഷി സൗഹൃദ സ്കൂളായും മാറി.

date