Skip to main content
നിർമാണം പൂർത്തിയായ മുരിക്കുംപാടം ജല സംഭരണി

മുരിക്കുംപാടം  ജല സംഭരണിയുടെ ഉദ്ഘാടനം ഞായറാഴ്ച (13) മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്യും

 

ഗോശ്രീ ഇൻലാൻഡ് വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ എ എളങ്കുന്നപ്പുഴ മുരിക്കുംപാടത്ത് കേരള വാട്ടർ അതോറിറ്റി നിർമിച്ച ജലസംഭരണിയുടെ ഉദ്ഘാടനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ഞായറാഴ്ച ( നവംബർ 13) രാവിലെ ഒൻപതിന് ജലസംഭരണിയുടെ പരിസരത്തു നടക്കുന്ന ചടങ്ങിൽ കെ. എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും.

5.09 കോടി രൂപ മുതൽമുടക്കിൽ നിർമിക്കുന്ന സംഭരണിയുടെ ശേഷി 11.80 ലക്ഷം ലിറ്ററാണ്. എളങ്കുന്നപ്പുഴ, കൊച്ചി കോർപറേഷൻ പരിധിയിലെ ഫോർട്ട്‌ വൈപ്പിൻ എന്നീ സ്ഥലങ്ങളിലേക്ക് ജലമെത്തിക്കുക എന്നതാണ് ജല സംഭരണിയുടെ ലക്ഷ്യം. പുതുവൈപ്പ് സംഭരണിയിൽ നിന്നാണ് മുരിക്കുംപാടത്തേക്ക് വെള്ളമെത്തിക്കുന്നത്. 

ജിഡയുടെ നേതൃത്വത്തിൽ എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം, ഫോർട്ട്‌ വൈപ്പിൻ പ്രദേശങ്ങളിലെ ജലവിതരണം സുഗമമാക്കുന്നതിനായി വിപുലമായ പദ്ധതികളാണ് വാട്ടർ അതോറിറ്റി ആവിഷ്കരിച്ചിട്ടുള്ളത്. 56.85 കോടി രൂപയുടെ പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. നിലവിൽ മുരിക്കുംപാടത്തേയും മാലിപ്പുറത്തെയും ജലസംഭരണികളുടെ നിർമാണം പൂർത്തിയായി. മാലിപ്പുറത്ത് 13.80 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള സംഭരണിയാണ് നിർമിച്ചിട്ടുള്ളത്. ഞാറക്കലിൽ 17.90 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് ആണ് വിഭാവനം ചെയ്തിട്ടുള്ളത്. 138276 പേർക്ക് ദിവസേന 150 ലിറ്റർ നിരക്കിൽ 26ദശലക്ഷം ലിറ്റർ വെള്ളമെത്തിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2041 വരെയുള്ള ജനസംഖ്യ വർധന കണക്കാക്കിയാണ് പദ്ധതി.

ചടങ്ങിൽ ഹൈബി ഈഡൻ എം.പി മുഖ്യതിഥിയാവും. ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ട്രീസ മാനുവൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രസികല പ്രിയരാജ്, ജനപ്രതിനിധികളായ ഡോണോ മാസ്റ്റർ, അഡ്വ. എൽസി ജോർജ്, കെ.എച്ച്.നൗഷാദ്, അഡ്വ.ഡോൾഗോവ്, ജിഡ സെക്രട്ടറി രഘുരാമൻ, ജല അതോറിറ്റി മധ്യമേഖല ചീഫ് എഞ്ചിനീയർ ടി.എസ് സുധീർ, സൂപ്രണ്ടിങ് എഞ്ചിനീയർ സജീവ് രത്നാകരൻ തുടങ്ങിയവർ പങ്കെടുക്കും.
 

date