Skip to main content

അന്നമനട ഗവ.യു പി സ്കൂളിലെ   'മലർവാടി' പ്രീപ്രൈമറി വിഭാഗം ഉദ്ഘാടനം ഇന്ന് (നവംബർ 14)

 

ഒരുമിച്ചിരുന്ന് ഒത്തുകളിച്ച് പഠിക്കാൻ അന്നമനട ഗവ.യു പി സ്കൂളിൽ 'മലർവാടി' ഒരുങ്ങി. അന്താരാഷ്ട്ര മാതൃകയില്‍ നവീകരിച്ച പ്രീപ്രൈമറി വിഭാഗത്തിന്റെ ഉദ്ഘാടനം ഇന്ന് (നവംബർ 14) ഉച്ചയ്ക്ക് 2.30ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും. 

'സ്റ്റാർസ്' പദ്ധതി പ്രകാരം സമഗ്ര ശിക്ഷ കേരളം 10 ലക്ഷം രൂപയും അന്നമനട പഞ്ചായത്ത് 5 ലക്ഷം രൂപയും ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. വിദ്യാർത്ഥികൾക്ക്  ഉയർന്ന പഠനനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം വിനോദത്തിനും പ്രാധാന്യം നൽകുകയെന്നതാണ് ലക്ഷ്യം. 

പതിവ് രീതിയില്‍ നിന്ന്  വ്യത്യസ്തമായി കുട്ടികൾക്ക് പഠനം സ്വതന്ത്രമായി അനുഭവച്ചറിയാൻ വൈജ്ഞാനിക മേഖലയെ ആകർഷകമാക്കിയാണ്  സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം ഒരുക്കിയിരിക്കുന്നത്. ഗണിതയിടം, സംഗീതയിടം, വരയിടം, ഇ-യിടം , ചിത്രയിടം, വായനയിടം, അഭിനയയിടം, കളിയിടം, ശാസ്ത്രയിടം, ഭാഷാ വികസന ഇടം എന്നിങ്ങനെ 10 ഇടങ്ങളിൽ കുടുംബം, ആഹാരം, ജീവികൾ, കാലാവസ്ഥ, വാഹനങ്ങൾ, പൊതുസ്ഥാപനങ്ങൾ, ഗ്രാമം, കലാരൂപങ്ങൾ തുടങ്ങി 30 തീമുകൾ  നൽകിയാണ് നിർമ്മാണം.

കുട്ടികൾക്കായി ആകർഷകമായ പാർക്കും ഒരുക്കിയിട്ടുണ്ട്. സ്കൂൾ മുറ്റത്ത് ഒരുക്കിയിരിക്കുന്ന ഏറുമാടം, കുളം, കളിയൂഞ്ഞാൽ, സ്ലൈഡറുകൾ എന്നിവയെല്ലാം പാർക്കിന്റെ പ്രത്യേകതകളാണ്.
വീൽചെയറുകൾക്കായി റാമ്പ് ഒരുക്കി ഭിന്നശേഷി സൗഹൃദമായാണ് നിർമ്മിച്ചിരിക്കുന്നത്. 

വിദ്യാലയ അങ്കണത്തില്‍ നടക്കുന്ന ചടങ്ങിൽ വി ആർ സുനിൽകുമാർ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പികെ ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയാകും. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പിവി വിനോദ്, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടിവി മദനമോഹനൻ, ബ്ലോക്ക്- പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുക്കും.

date