Skip to main content

പരീക്ഷിത്ത് തമ്പുരാൻ പുരസ്കാരം ഡോ. എം. ലീലാവതിക്ക് നവംബർ 15ന് മന്ത്രി വി. എൻ. വാസവൻ പുരസ്കാരം സമ്മാനിക്കും

 

ആധുനിക കൊച്ചിയുടെ അവസാനത്തെ കൊച്ചി മഹാരാജാവും പണ്ഡിതശ്രേഷ്ഠനുമായിരുന്ന രാമവർമ്മ പരീക്ഷിത്ത് തമ്പുരാന്റെ നാമത്തിൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം ഡോ. എം. ലീലാവതിക്ക്. നവംബർ 15 (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 3ന് ഹിൽപാലസ് പുരാവസ്തു മ്യൂസിയം ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ സഹകരണ- രജിസ്ട്രേഷൻ- സാംസ്കാരികവകുപ്പ് മന്ത്രി വി. എൻ. വാസവൻ ഡോ. എം. ലീലാവതിക്ക് 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം നൽകി ആദരിക്കും.

കേരള സാംസ്കാരിക വകുപ്പിനു കീഴിൽ തൃപ്പണിത്തുറ ഹിൽപാലസിൽ പ്രവർത്തിക്കുന്ന പൈതൃകപഠനകേന്ദ്രം, സംസ്കൃതഭാഷയ്ക്കും സാഹിത്യത്തിനും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരമാണ് പരീക്ഷിത്ത് തമ്പുരാൻ പുരസ്കാരം. ഭാഷാപഠനം, അദ്ധ്യാപനം, എഴുത്ത്, സാഹിത്യവിമർശനം, പ്രഭാഷണം തുടങ്ങി വിവിധ മണ്ഡലങ്ങളിൽ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചതാണ് ഡോ. എം. ലീലാവതിയെ പുരസ്കാരത്തിന് അർഹയാക്കിയത്. 

കേരള കലാമണ്ഡലം കൽപ്പിത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ. ജി. പൗലോസ്, കോഴിക്കോട് സർവ്വകലാശാല സംസ്കൃതവിഭാഗം റിട്ട.പ്രൊഫസർ ഡോ.സി.രാജേന്ദ്രൻ, പൈതൃകപഠനകേന്ദ്രം മുൻ ഭരണസമിതി അംഗം ഡോ. ജോസഫ് അഗസ്റ്റിൻ എന്നിവർ അംഗങ്ങളായുള്ള പുരസ്കാര നിർണയസമിതിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. 2009 മുതലാണ് പൈതൃകപഠനകേന്ദ്രം പുരസ്കാരം നൽകിവരുന്നത്. 

ചടങ്ങിൽ  അനൂപ് ജേക്കബ് 
എം.എൽ.എ
അധ്യക്ഷത വഹിക്കും.   തോമസ് ചാഴിക്കാടൻ എം.പി. മുഖ്യാതിഥിയായിരിക്കും. തൃപ്പൂണിത്തുറ നഗരസഭാദ്ധ്യക്ഷ രമാ സന്തോഷ് വിശിഷ്ടാതിഥിയായും പങ്കെടുക്കും.

date