Skip to main content
80 വയസ്സ് പിന്നിടുന്ന  സാഹിത്യകാരൻ സേതുവിനെ   മന്ത്രി പി. രാജീവ്‌ ആദരിക്കുന്നു. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ സമീപം.

കാലത്തെ അതിജീവിച്ച കൃതികളിലൂടെ മലയാള സാഹിത്യത്തെ സമ്പന്നമാക്കാൻ സേതുവിന് കഴിഞ്ഞു- മന്ത്രി പി.രാജീവ്

 

കാലത്തെ അതിജീവിച്ച കൃതികളിലൂടെ മലയാള സാഹിത്യ മേഖലയെ സമ്പന്നമാക്കാൻ സേതുവിന് കഴിഞ്ഞുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ പറഞ്ഞു. മലയാള സാഹിത്യരംഗത്തെ പ്രഗത്ഭനും എഴുത്തച്ഛൻ പുരസ്കാര ജേതാവുമായ 80 വയസ്സ് പിന്നിടുന്ന സാഹിത്യകാരൻ സേതുവിനെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാരും കേരള സാഹിത്യ അക്കാദമിയും സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ആധുനികതയുടെ ശാസ്ത്രങ്ങളെ പിന്തുടരുമ്പോഴും ഗ്രാമഭാഷയുടെ ലാളിത്യം കൊണ്ട് വിസ്മയം തീർക്കാൻ സേതുവിന് കഴിഞ്ഞു.അദ്ദേഹം തന്റെ കൃതികളിലൂടെ കാലത്തിനോട് കലഹിക്കുന്നു. ആഗോളവൽക്കരണത്തിന്റെ സങ്കീർണതകളും സാമ്പത്തിക സമസ്യകളും മനുഷ്യജീവിതത്തെയും സാമൂഹിക ജീവിതത്തെയും എങ്ങനെയാണ് ഉലക്കുന്നതെന്ന് അദ്ദേഹം തന്റെ കൃതിയായ അടയാളങ്ങളിലൂടെ പറയുന്നു. പാണ്ഡവ പുരം എന്ന കൃതി സേതു എന്ന സാഹിത്യകാരനെ എല്ലാകാലവും  മലയാളഭാഷയിൽ അടയാളപ്പെടുത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു.

 പ്രാദേശിക ചരിത്രങ്ങളെ എടുത്ത് കാണിക്കുമ്പോഴും അതിനുള്ളിൽ നിന്നുകൊണ്ട് തന്നെ ലോക ചരിത്രത്തിലേക്ക് വാതിൽ തുറക്കുകയാണ് അദ്ദേഹം തന്റെ കൃതികളിയിലൂടെ. സേതുവിന്റെ എഴുത്തുകൾ ലളിതമാണെങ്കിലും ആശയങ്ങളാൽ സങ്കീർണ്ണമാണ്. ഓരോ വായനയിലും പുതിയ അർത്ഥതലങ്ങൾ  ലഭിക്കുമ്പോൾ കൃതികൾ കാലത്തെ അതിജീവിക്കുന്നു അത്തരത്തിലുള്ള സൃഷ്ടികളാണ് സേതുവിന്റേതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരും കേരള സാഹിത്യ അക്കാദമിയും നാട്ടുകാരും നൽകിയ ആദരവിൽ അഭിമാനവും ആനന്ദവുമുണ്ടെന്ന് മറുപടി പ്രസംഗത്തിൽ സേതു പറഞ്ഞു. സാഹിത്യം പഠിച്ചിട്ടില്ലെങ്കിലും സാഹിത്യ സിദ്ധാന്തങ്ങളെ കുറിച്ച് അറിവില്ലെങ്കിലും നേരിൽ കണ്ട ജീവിതവും ജീവിതാവസ്ഥകളുമാണ് തന്നെ സാഹിത്യകാരനാക്കിയതെന്ന് അദ്ദേഹം പറഞ്ഞു..മാതാപിതാക്കളിൽ നിന്ന് ലഭിച്ച വായന ശീലവും, മറ്റ് നാടുകളിലെ വാസവും സഞ്ചാരവും, എഴുതുവാൻ കാരണമായി. അഞ്ചു വയസ്സു മുതലുള്ള നാട്ടിലെ സ്കൂളിലുള്ള പഠനം ഭാഷയെ സ്നേഹിക്കാനും,  ഭാഷയുടെ മാധുര്യം അറിയാനും പഠിപ്പിച്ചു.  തന്റെ കൃതികൾ എഴുതിയ സാഹചര്യങ്ങളെ കുറിച്ചും,  ആസ്വാദകരെ നേരിട്ട് കണ്ട അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

 ചടങ്ങിൽ കേരള സാഹിത്യ അക്കാദമിയുടെയും, സംസ്ഥാന സർക്കാരിന്റെയും, സാംസ്കാരിക ഇതര  സംഘടനകളുടെയും, വ്യക്തികളുടെയും ആദരവും അദ്ദേഹം ഏറ്റുവാങ്ങി. ചടങ്ങിൽ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു..കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ, സർവ്വവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.മ്യൂസ് മേരി ജോർജ്,ജില്ലാ പഞ്ചായത്ത് അംഗം കെ. വി രവീന്ദ്രൻ തുടങ്ങിയവർ സേതുവിന് ആശംസകൾ നേർന്നു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, ഡോ. സുനിൽ പി.ഇളയിടം, സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം ഡോ. കെ. എസ് രവികുമാർ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി, മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി. എം ശശി, .പ്രൊഫ ഇ. എസ് സതീശൻ, ഡോ. വി. കെ അബ്ദുൾ ജലീൽ, ശ്രീമൻ നാരായണൻ, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, ഗ്രന്ഥശാല പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായി.

date