Skip to main content
കുടുംബശ്രീ സംഘടിപ്പിക്കുന്ന സംസ്ഥാനതല ബഡ്‌സ് കലോത്സവമായ 'തകധിമി' 2022 ന്റെ ഉദ്ഘാടനം കളമശ്ശേരിയിൽ തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി  എം.ബി രാജേഷ്  നിർവഹിക്കുന്നു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് സമീപം.

സവിശേഷ കഴിവുള്ളവരാണ് ഭിന്നശേഷിക്കാരായ കുട്ടികൾ:  മന്ത്രി  എം.ബി രാജേഷ്

 

* സംസ്ഥാന ബഡ്സ് കലോത്സവം
 'തകധിമി 2022' ന് തുടക്കമായി

സവിശേഷമായ കഴിവുകളും നൈപുണ്യങ്ങളും ഉള്ളവരാണ് ഭിന്നശേഷിക്കാരായ കുട്ടികളെന്നും കുടുംബശ്രീയുടെ സാമൂഹ്യ ഇടപെടലുകളിൽ ഏറ്റവും ശ്രദ്ധേയവും അഭിമാനകരവുമാണ് ബഡ്സ് സ്കൂളുകളെന്നും തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി  എം.ബി. രാജേഷ് പറഞ്ഞു.

കളമശ്ശേരി കുസാറ്റിൽ കുടുംബശ്രീ സംഘടിപ്പിക്കുന്ന സംസ്ഥാനതല ബഡ്‌സ് കലോത്സവമായ 'തകധിമി' ഉദ്ഘാടനം  നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് കുടുംബശ്രീയുടെ മേൽനോട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ 328 ബഡ്സ് സ്കൂളുകളിലായി 11027 കുട്ടികൾ പരിശീലനം നേടി വരുന്നു. മാനസികമായ വെല്ലുവിളി നേരിടുന്നവർ, ഭിന്നശേഷിക്കാർ എന്നിവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, ഒറ്റപ്പെടലുകൾ, അവരുടെ വേദനകൾ എന്നിവ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിന്നിരുന്നിടത്താണ് കുടുംബശ്രീ കൈത്താങ്ങായത്.  അവരെ സമൂഹമാകെ കരുതലോടുകൂടി  ഏറ്റെടുക്കുന്ന നിലയിലേക്ക് ബഡ്സ് എന്ന പ്രസ്ഥാനം എത്തിച്ചേർന്നിരിക്കുന്നു.
18 വയസ് വരെയുള്ള  കുട്ടികൾക്ക് പൊതു വിദ്യാഭ്യാസം പോലെ തന്നെ പ്രത്യേകമായ സൗകര്യങ്ങൾ ബഡ്സ് സ്കൂളുകളിൽ ലഭ്യമാക്കുന്നുണ്ട്. ശാസ്ത്രീയമായ സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കുന്നുണ്ട്. ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററുകൾ വഴി തൊഴിൽ പരിശീലനവും ലഭ്യമാക്കുന്നു.
പരാശ്രിതത്വം ഒഴിവാക്കുക,മാനസികമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും അവരുടെ കുടുംബങ്ങൾക്കും സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവും ശേഷിയും ഉറപ്പുവരുത്തുക എന്നുള്ളതാണ് ലക്ഷ്യമാക്കുന്നത്. ഏറ്റവും ശ്രദ്ധേയമായത് ഇത്തരം സെന്ററുകളിലൂടെ സൂക്ഷ്മ സംരംഭങ്ങൾ ആരംഭിക്കുക എന്നുള്ളതാണ്. 
കുടുംബശ്രീയുടെ മാതൃകാപരമായ പ്രവർത്തനങ്ങളെ പ്രത്യേകമായി അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

യോഗത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സവിശേഷമായ കഴിവുകളുള്ള മേഖലകളുണ്ട്. ഇത്തരം കഴിവുകള്‍ കണ്ടെത്തുന്നതിനും വളര്‍ത്തുന്നതിനും കുടുംബശ്രീ ഏറ്റെടുത്ത ബഡ്സ് ഫെസ്റ്റ് പോലുള്ള ദൗത്യം അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾക്ക് പരിശീലനം നൽകുന്നതിനൊപ്പം സൂക്ഷ്മ സംരംഭങ്ങൾ തുടങ്ങാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സംരംഭക വർഷത്തിന്റെ ഭാഗമായി കുറച്ച് കൂടി സൂക്ഷ്മ സംരംഭങ്ങൾ തുടങ്ങാൻ കഴിഞ്ഞാൽ കുടുംബങ്ങൾക്ക് ആശ്വാസകരമാകും എന്നും മന്ത്രി പി. രാജീവ് പറഞ്ഞു.
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ബഡ്സ് ജില്ലാ ഉപദേശക സമിതി ചെയർമാനുമായ ഉല്ലാസ് തോമസ് ബഡ്സ് ഉപജീവന കേന്ദ്രങ്ങളുടെ ഡോക്യുമെന്ററി പ്രകാശനം നിർവഹിച്ചു. പാലക്കാട് തൃത്താല ബഡ്സ് സ്കൂളിലെ അക്ഷയ്രാജ് വരച്ച പെയിന്റിംഗ് മന്ത്രി എം.ബി രാജേഷിന്  നല്‍കി. ഹൈബി ഈഡൻ എം.പി മുഖ്യാതിഥി ആയിരുന്നു. 
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ആർ. പ്രദീപ് കുമാർ, കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ കോ-ഓഡിനേറ്റർ എം.ബി പ്രീതി , തിരുവനന്തപുരം ജില്ലാ മിഷൻ കോ-ഓഡിനേറ്റർ  ഡോ.ബി നജീബ്, തൃശൂർ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ എസ്. സി നിർമൽ , കളമശ്ശേരി സി.ഡി.എസ് ചെയർപേഴ്സൺമാരായ സുജാത വേലായുധൻ, ഫാത്തിമ മുഹമ്മദ് തുടങ്ങി വിവിധ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ മാനസികോല്ലാസത്തിന് പ്രാധാന്യം നല്കിക്കൊണ്ട് അവരുടെ കലാഭിരുചികള്‍ക്ക് പ്രോത്സാഹനം നല്‍കുക ലക്ഷ്യമാക്കിയാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ കലോത്സവം സംഘടിപ്പിക്കുന്നത്.വിവിധ ജില്ലകളിൽ നടന്ന കലോത്സവത്തിൽ  ഒന്നാമതെത്തിയ 328 പ്രതിഭകളാണ് സംസ്ഥാന തലത്തിൽ മാറ്റുരയ്ക്കുന്നത്. തെയ്തക, ധോലക്, ക്യാന്‍വാസ് എന്നീ മൂന്നുവേദികളിലായി 15 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ബഡ്സ് കലോത്സവത്തിന്‍റെ ആദ്യദിനം  പ്രധാനവേദിയായ തെയ്തകയില്‍ നാടോടിനൃത്തം, ഒപ്പന, സംഘനൃത്തം, പ്രച്ഛന്ന വേഷം എന്നിവ നടന്നു.

വേദി രണ്ട് ധോലകില്‍ രാവിലെ ലളിതഗാനം, ജൂനിയര്‍, സീനിയര്‍ മത്സരങ്ങളും ഉച്ച കഴിഞ്ഞ് മിമിക്രിയും അരങ്ങേറി. വേദി മൂന്ന് ക്യാന്‍വാസില്‍ ഡ്രോയിങ്ങ്, പെയിന്‍റിങ്ങ് മത്സരങ്ങളും നടന്നു.മത്സരം തിങ്കളാഴ്ച്ച (നവംബർ 14 ) സമാപിക്കും.

date