Skip to main content

പുഞ്ചിരി-2022 ശിശുദിനാഘോഷം നടത്തി

ജില്ലാ മെഡിക്കല്‍ ഓഫീസ്  (ആരോഗ്യം ) ദേശീയ  ആരോഗ്യ ദൗത്യം  കാസര്‍കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ ശിശുദിനഘോഷം നടത്തി. കാഞ്ഞങ്ങാട് നഗരസഭ  ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത  ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ.വി.സരസ്വതി അധ്യക്ഷത വഹിച്ചു.

ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി.ഇ.ഐ.സിയിലെയും അനുയാത്ര  മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍  യൂണിറ്റിലെയും ഗുണഭോക്താക്കളായ  കുട്ടികള്‍ക്കായിട്ടാണ് ശിശുദിനാഘോഷം നടത്തിയത്. കാഞ്ഞങ്ങാട് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ഹസീന  റസാഖ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി.രാംദാസ്, ഡി.ഇ.ഐ.സി പീഡിയാട്രീഷന്‍ ഡോ.കെ.ടി.അശ്വിന്‍, ഡോ.ഷാഹിന്‍ ഹസ്സന്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍  അബ്ദുല്‍ ലത്തീഫ് മഠത്തില്‍, ഡി.പി.എച്ച്.എന്‍ ജൈനമ്മ തോമസ്, ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ പി.എം.മേരികുട്ടി എന്നിവര്‍ സംസാരിച്ചു. ദേശീയ  ആരോഗ്യ ദൗത്യം  ഓഫീസ്  സെക്രട്ടറി ഒ.പി.ചന്ദ്രന്‍  സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ. ലയ മെറിന്‍ ജോണ്‍സന്‍ നന്ദിയും പറഞ്ഞു.

കുട്ടികളിലെ വൈകല്യങ്ങള്‍, വളര്‍ച്ച  വികാസത്തിലെ  കാലതാമസം  എന്നിവ മുന്‍കൂട്ടി നിര്‍ണ്ണയിക്കുന്നതിനും ഫലപ്രദമായ ചികിത്സയും സേവനങ്ങളും ലഭ്യമാക്കുന്നതിനും വേണ്ടി ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന  സെന്ററാണ് ഡിസ്ട്രിക്ട് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍. 18 വയസുവരെ ഉള്ള കുട്ടികള്‍ക്കായി ശിശുരോഗ വിദഗ്ധന്‍, മെഡിക്കല്‍ ഓഫീസര്‍, ഡെന്റല്‍ സര്‍ജന്‍, സൈക്കോളജിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, ഓഡിയോളോജിസ്റ്റ് ആന്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഓപ്‌റ്റോമെട്രിസ്റ്റ് എന്നിവരുടെ സേവനം ഇവിടെ ലഭ്യമാണ്. ഡി.ഇ.ഐ.സിയുടെ സേവനം  ഫീല്‍ഡ് തലത്തില്‍  ലഭ്യമാക്കുന്നതിനായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും കേരള  സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെയും ആഭിമുഖ്യത്തില്‍ അനുയാത്ര  മൊബൈല്‍ ഇന്റര്‍ വെന്‍ഷന്‍  യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. തിങ്കള്‍ - പെരിയ  സാമൂഹികാരോഗ്യ കേന്ദ്രം, ചൊവ്വ -കുടുംബാരോഗ്യകേന്ദ്രം നര്‍കിലക്കാട്, ബുധന്‍ - കുടുംബാരോഗ്യകേന്ദ്രം കയ്യൂര്‍, വ്യാഴം -താലൂക്കാശുപത്രി  ബേഡഡുക്ക, വെള്ളി - താലുക്കാശുപത്രി മംഗല്‍പാടി, ശനി - നഗര  കുടുംബാരോഗ്യ കേന്ദ്രം കാസര്‍കോട് എന്നീ ക്രമത്തില്‍ സേവനം  നല്‍കിവരുന്നു.

date