Skip to main content

അനധികൃതമായി സൂക്ഷിച്ച റേഷന്‍ സാധനങ്ങള്‍ പിടികൂടി

റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ വില്പന നടത്തുന്നത് സംബന്ധിച്ചു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം ബായിക്കട്ടയിലെ എ.കെ.എം ജനറല്‍ സ്റ്റോര്‍ എന്ന പലചരക്കുകടയില്‍ മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.പി.സജിമോന്റെ നേതൃത്വത്തില്‍  നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച 641 കിലോ റേഷന്‍ പച്ചരിയും 75 കിലോ റേഷന്‍ പുഴുക്കലരിയും പിടിച്ചെടുത്തു. പിടിച്ചെടുത്ത സാധനങ്ങള്‍ മഞ്ചേശ്വരം എന്‍.എഫ്.എസ്.എ റേഷന്‍ മൊത്തവിതരണ കേന്ദ്രത്തിന് കൈമാറി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബായിക്കട്ടയിലെ   ജെ പി ജനറല്‍ സ്റ്റോര്‍ എന്ന  കടയില്‍ നിന്നും 117 കിലോ പച്ചരിയും പിടിച്ചെടുത്തു. റേഷന്‍ കടയില്‍ നിന്നും ലഭിക്കുന്ന റേഷന്‍ വിഹിതം കാര്‍ഡുടമകള്‍ കടയില്‍  നല്‍കിയതാണ് പിടിച്ചെടുത്ത അരി എന്ന് കടയുടമകള്‍ വ്യക്തമാക്കി. രണ്ട് കടയുടമകള്‍ക്കെതിരെയും ആവശ്യസാധന (ദുരുപയോഗ) നിയമപ്രകാരം നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതാണെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അസിസ്റ്റന്റ് താലൂക് സപ്ലൈ ഓഫീസര്‍ എം.രവീന്ദ്രന്‍, റേഷനിങ് ഇന്‍സ്പെക്ടര്‍ സുരേഷ് നായ്ക്, ഡ്രൈവര്‍ നൗഷാദ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

 

 

date