Skip to main content
എടവനക്കാട് പഞ്ചായത്തിലെ വേലിയേറ്റ  ഭീഷണി നേരിടുന്ന വീടുകളിൽ കാലടി ആദിശങ്കര എഞ്ചിനീയറിംഗ് കോളേജിലെ എൻ.എസ്.എസ് വൊളണ്ടിയർമാർ വേലിയേറ്റ കലണ്ടർ വിതരണം ചെയ്യുന്നു

വേലിയേറ്റ കലണ്ടര്‍ വിതരണം പുരോഗമിക്കുന്നു;

 

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളിലുണ്ടാകുന്ന വേലിയേറ്റം സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനായി തയ്യാറാക്കിയ 'വേലിയേറ്റ കലണ്ടറിന്റെ' വിതരണം പുരോഗമിക്കുന്നു. വൈപ്പിന്‍ എടവനക്കാട് പഞ്ചായത്തിലെ വേലിയേറ്റ  ഭീഷണി നേരിടുന്ന വീടുകളില്‍ 1314 കലണ്ടറുകള്‍ വിതരണം പൂര്‍ത്തിയായി.

കഴിഞ്ഞ ദിവസം കാലടി ആദിശങ്കര എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍. മീണയാണ് കലണ്ടര്‍ പ്രകാശനം ചെയ്തത്. തീരദേശ ജനവിഭാഗങ്ങളെ ബാധിക്കുന്ന ആഗോളതാപനത്തിന്റെ ആഘാതങ്ങളെക്കുറിച്ച് പഠിക്കുന്ന ഇക്വിനോക്ട് (Equinoct) എന്ന ഏജന്‍സിയാണ് വേലിയേറ്റ കലണ്ടര്‍ വികസിപ്പിച്ചത്. 

ആദിശങ്കര കോളേജിലെ 150 എന്‍.എസ്.എസ് വൊളണ്ടിയർമാർ വഴിയാണ് കലണ്ടര്‍ വിതരണം ചെയ്യുന്നത്. കലണ്ടറില്‍ വേലിയേറ്റം സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ പ്രത്യേകം പരിശീലനം നേടിയവരാണ് ഇവർ. വേലിയേറ്റ ഭീഷണി നേരിടുന്ന വീടുകളില്‍ നേരിട്ടെത്തി അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും വേലിയേറ്റം സംബന്ധിച്ച വിവരങ്ങള്‍ കലണ്ടറില്‍ രേഖപ്പെടുത്താന്‍ പഠിപ്പിക്കുകയുമാണ് ചെയ്യുന്നത്. 

തീരദേശങ്ങളില്‍ താമസിക്കുന്ന ഏകദേശം 10,000 കുടുംബങ്ങള്‍ക്കാണ് വേലിയേറ്റ കലണ്ടര്‍ വിതരണം ചെയ്യുന്നത്.  വേലിയേറ്റ ബുദ്ധമുട്ടികള്‍ നേരിടുന്ന  ജില്ലയിലെ 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവരശേഖരണം അടുത്ത ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങളുപയോഗിച്ച് നിരീക്ഷണ സംവിധാനങ്ങളും പ്രശ്‌ന ലഘൂകരണ പദ്ധതികളും രൂപീകരിക്കും. ജില്ലാ പഞ്ചായത്ത്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, തീരദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെയാണ് ഈ പ്രവര്‍ത്തനം. 

ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സമാന ചിന്താഗതിക്കാരായ വിവിധ സംഘടനകളുടെ പിന്തുണയോടെ ഡോ.സി ജയരാമനാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

date