Skip to main content
അഖിലേന്ത്യാ സഹകരണ വാരാഘോഷം ജില്ലാതല ഉദ്ഘാടനം   ഉന്നത വിദ്യാഭ്യാസ  സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു നിര്‍വ്വഹിക്കുന്നു കൊച്ചി സർക്കിൾ സഹകരണ യുണിയൻ ചെയർമാൻ കെ.വി എബ്രഹാം ,മുൻ എം.എല്‍.എ എസ്.ശര്‍മ്മ, കെ.എൻ. ഉണ്ണികൃഷ്ണൻ എം.എല്‍.എ ,  എന്നിവർ സമീപം.

കേരളത്തിലെ സഹകരണ പ്രസ്ഥാനം രാജ്യത്തിന് മാതൃക: മന്ത്രി ഡോ.ആര്‍ ബിന്ദു അഖിലേന്ത്യാ സഹകരണ വാരാഘോഷം ജില്ലാ തല ഉദ്ഘാടനം

 

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൻ്റെ പ്രവർത്തനങ്ങൾ രാജ്യത്തിന്  മാതൃകയാണെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. സാധാരണക്കാരുടെ അത്താണിയായി പ്രവർത്തിക്കുന്നതിനോടൊപ്പം ഉയർന്നുവരുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ബദലായി മാറാനും സഹകരണ പ്രസ്ഥാനങ്ങൾക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 

69-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 

വൈവിധ്യപൂർണമായ ഉത്തരവാദിത്തങ്ങളാണ് ഇന്ന് സഹകരണ ബാങ്കുകൾ ഏറ്റെടുത്തു നടത്തുന്നത്. വനിതകൾക്ക് സഹായം നൽകുന്ന മുറ്റത്തെ മുല്ല പദ്ധതി, നിർധനർക്ക് വീട് നൽകുന്ന കെയർ ഹോം പദ്ധതി തുടങ്ങി വിവിധ പ്രവർത്തനങ്ങളിലൂടെ നാടിന് കൈത്താങ്ങായി മാറുകയാണ് സഹകരണ പ്രസ്ഥാനം. ജീവിതത്തിലെ എല്ലാ ആവശ്യങ്ങൾക്കും സാധാരണക്കാർ ആദ്യം ഓടിയെത്തുക ഇത്തരം സഹകരണ സംഘങ്ങളിലായിരിക്കും. അതുകൊണ്ട് തന്നെ ജനങ്ങളുടെ ജീവിതത്തിന് സംരക്ഷണ കവചമായി സഹകരണ പ്രസ്ഥാനങ്ങൾ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. 

ഓച്ചന്തുരുത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എല്‍.എ അധ്യക്ഷത വഹിച്ചു.  കഴിഞ്ഞ ആറു വർഷത്തിനിടെ ശ്രദ്ധേയമായ നേട്ടങ്ങളാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം കൈവരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജനകീയവും സമഗ്രവുമായ വികസന പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ നടത്തിയിട്ടുള്ളത്. കേരള ബാങ്ക് രൂപീകരണം, കെയർ ഹോം പദ്ധതി തുടങ്ങിവ അതിന് ഉദാഹരണങ്ങളാണ്. വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലും മാതൃകാപരമായ പ്രവർത്തനം നടത്താൻ പ്രസ്ഥാനത്തിന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാര്‍ കെ.സജീവ് കര്‍ത്ത പതാക ഉയർത്തി. മുൻ സഹകരണ വകുപ്പ് മന്ത്രി എസ്.ശര്‍മ സഹകരണ സന്ദേശം നൽകി. സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി നടത്തിയ പ്രബന്ധ, പ്രസംഗ മത്സരങ്ങളിലെ വിജയികൾക്ക് എസ്.ശര്‍മ സമ്മാനങ്ങൾ വിതരണം ചെയ്തു.
 
കേരള ബാങ്ക് ചെയര്‍മാൻ ഗോപി കോട്ടമുറിക്കല്‍, റീജിയണല്‍ മാനേജര്‍ ഡോ.എൻ.അനില്‍കുമാര്‍, കണ്‍സ്യൂമര്‍ഫെഡ് വൈസ് ചെയര്‍മാൻ പി.എം. ഇസ്മായില്‍, കൊച്ചി സര്‍ക്കിള്‍ സഹകരണ യൂണിയൻ ചെയര്‍മാൻ അഡ്വ.കെ.വി എബ്രഹാം, സംസ്ഥാന സഹകരണ യൂണിയൻ അംഗം വി.എം ശശി, ഓച്ചന്തുരുത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ആൻറണി കളരിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം 'ഇന്ത്യ@75 സഹകരണ സംഘങ്ങളുടെ വളര്‍ച്ചയും ഭാവിയും' എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. നവംബര്‍ 14 മുതല്‍ 20 വരെയാണ് അഖിലേന്ത്യാ സഹകരണ വാരാഘോഷം.

date