Skip to main content

വൈപ്പിൻ ഉപജില്ല സ്‌കൂൾ കലോത്സവം ശനിയാഴ്ച (നവംബർ 19) തുടങ്ങും ഒരുക്കങ്ങൾ പൂർത്തിയായി

 

വൈപ്പിൻ ഉപജില്ല സ്‌കൂൾ കലോത്സവത്തിന്  നവംബർ 19 ശനിയാഴ്ച തിരി തെളിയും. നവംബർ 19,21,22,23 തീയതികളിലായി 173 മത്സര ഇനങ്ങളിൽ 1700 കുട്ടികൾ പ്രതിഭയുടെ മാറ്റുരയ്ക്കും. ഏഴു വേദികളിലായാണ് മത്സരങ്ങൾ. കോവിഡ് മഹാമാരി മൂലമുണ്ടായ ഇടവേളയ്‌ക്കുശേഷമുള്ള കലോത്സവം നാടിന്റെ ആഘോഷമായി മാറുമെന്നും അതിന് വിപുലമായ ഒരുക്കങ്ങളായെന്നും മുഖ്യരക്ഷാധികാരി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. 

ചെറായി  സഹോദരൻ മെമ്മോറിയൽ ഹൈസ്‌കൂളിൽ ശനിയാഴ്ച വൈകുന്നേരം നാലിന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ ഹൈബി ഈഡൻ എംപി കലോത്സവം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി വിളംബര ഘോഷയാത്രയും 300 കുട്ടികൾ പങ്കെടുക്കുന്ന ലഹരി വിരുദ്ധ ഗാനാലാപനവും നൃത്തശില്പവും അരങ്ങേറും. 

മുഖ്യവേദിയായ  ചെറായി എസ്.എം.എച്ച്.എസിനു പുറമെ ചെറായി എസ്.എം.എച്ച്.എസ്.എസ്, പള്ളിപ്പോർട്ട് എസ്.എസ് അരയ യുപിഎസ്,  ചക്കരക്കടവ് സെന്റ് ജോർജ് എൽപിഎസ്, പള്ളിപ്പുറം സഹകരണ ബാങ്ക് ഓഡിറ്റോറിയം, ചെറായി എസ്.എം എൽപിഎസ് എന്നിവിടങ്ങളിലുമായാണ് കലാമേള അരങ്ങേറുന്നത്. ലോഗോ പ്രകാശനവും, പന്തലിന്റെ കാൽനാട്ടും നടത്തി. കലോത്സവ വേദിയും പരിസരവും ഹരിത  പ്രോട്ടോക്കോൾ പാലിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്.

ഭക്ഷണമടക്കം വിദ്യാർത്ഥികൾക്കുള്ള സൗകര്യങ്ങളെല്ലാം ഉറപ്പാക്കിയതായും എംഎൽഎ അറിയിച്ചു. പന്തലുകളുടെ നിർമ്മാണം വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളോടെ പൂർത്തിയാക്കിയിട്ടുണ്ട്. സമാപന സമ്മേളനം 23നു വൈകുന്നേരം നാലിന് ചെറായി എസ്.എം.എച്ച്.എസിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്റെ അധ്യക്ഷതയിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന് സമ്മാനദാനം നടക്കും.

പത്രസമ്മേളനത്തിൽ എ.ഇ.ഒ ഇബ്രഹിംകുട്ടി രായരോത്ത്, ചെറായി എസ്.എം സ്‌കൂൾ മാനേജര്‍ കെ.എസ്  ജയപ്പന്‍, ജനറല്‍ കണ്‍വീനര്‍ എ.ജി ജെയ്സി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബിനു തോമസ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ എ.എ സുധീര്‍ എന്നിവരും പങ്കെടുത്തു

date