Skip to main content
കെ.എസ്.ഇ.ബി ജീവനക്കാർക്കായി സംഘടിപ്പിച്ച ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പ്

കെ.എസ്.ഇ.ബി ജീവനക്കാർക്കുള്ള ജീവിതശൈലീ രോഗ നിർണ്ണയ ക്യാമ്പിന് തുടക്കം

 

ജീവിത ശൈലീ രോഗങ്ങൾ നേരത്തെ കണ്ടെത്തി രോഗനിയന്ത്രണത്തിലൂടെ  സങ്കീർണ്ണതകൾ  ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാർക്കുള്ള സ്‌ക്രീനിങ് ക്യാമ്പിന്  തുടക്കമായി. ജില്ലാതല ഉദ്ഘാടനം എറണാകുളം കെ.എസ്.ഇ.ബി  സർക്കിൾ കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ മധ്യമേഖലാ ചീഫ് എഞ്ചിനീയർ  ജയിംസ് ജോർജ് നിർവഹിച്ചു.

ജില്ലയിലെ ഒമ്പത് കെ.എസ്.ഇ.ബി ഡി വിഷനുകളിലായി മൂവായിരത്തോളം ജീവനക്കാരെ സ്ക്രീനിങ്ങ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കെ.എസ്.ഇ.ബി, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) ,  ദേശീയ ആരോഗ്യ ദൗത്യം, കർക്കിനോസ് ഹെൽത്ത് കെയർ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത് .

ക്യാൻസർ, രക്തസമ്മർദ്ദം, പ്രമേഹം എന്നീ രോഗങ്ങൾക്കുള്ള സ്ക്രീനിങ്ങാണ് നടത്തുന്നത്. ഇതിനായുള്ള  പരിശോധനകൾ,കാഴ്ച പരിശോധന, വായിലെ ക്യാൻസർ ,സ്തനാർബുദം,  സെർവിക്കൽ കാൻസർ എന്നിവയ്ക്കുള്ള സ്ക്രീനിംഗ്, ഡയറ്റീഷ്യൻമാരുടെ സേവനം എന്നിവ  ക്യാമ്പിൽ ലഭ്യമാണ്. നവംബർ 29ന് ക്യാമ്പ് സമാപിക്കും.

എറണാകുളം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ സുനിൽ ജോസഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.വിവേക് കുമാർ മുഖ്യാതിഥിയായി. ജീവിതശൈലീരോഗനിർണയത്തിന്റെ പ്രാധാന്യത്തെ കുറിച്ച്  അദ്ദേഹം  സംസാരിച്ചു. കേരളത്തിൽ  നിലവിൽ അഞ്ചു പേരിലൊരാൾക്ക് പ്രമേഹവും , മൂന്നു പേരിലൊരാൾക്ക് രക്താതിസമ്മർദവും ഉള്ളതായാണ് കണക്കാക്കുന്നത്. തുടക്കത്തിൽ ജീവിത ശൈലീ രോഗങ്ങൾ  കാര്യമായ രോഗലക്ഷണങ്ങൾ പ്രകടമാവുകയില്ലയെന്നതിനാൽ  സങ്കീർണാവസ്ഥയിലാണ് പലപ്പോഴും രോഗം കണ്ടെത്തുന്നത് അതിനാൽ പതിവായുള്ള  പരിശോധനകളിൽ കൂടി മാത്രമേ രോഗം കണ്ടെത്താനും, കണ്ടെത്തി കൃത്യമായ ചികിത്സ എടുക്കുന്നതിലൂടെ സങ്കീർണ്ണതകൾ ഉണ്ടാവുന്നത് തടയാനും സാധിക്കുകയുള്ളൂയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സുനിത ജോസ് , സീനിയർ സൂപ്രണ്ട് വി. ഇ രാജു തുടങ്ങിയവർ പങ്കെടുത്തു.
 

date