Skip to main content

പാസ് വേർഡ്‌ പദ്ധതി : ആലോചനാ യോഗം ചേർന്നു

 

ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് പദ്ധതിയായ "പാസ് വേർഡ്‌ " സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കോ-ഓഡിനേഷൻ കമ്മിറ്റി അംഗങ്ങളുടെയും തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ, കോളേജ് പ്രിൻസിപ്പൽമാരുടെയും യോഗം ചേർന്നു. അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാൻ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നവംബർ അവസാന ആഴ്ച കളമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടത്താൻ യോഗത്തിൽ തീരുമാനമായി. 

ട്യൂണിങ്, ഫ്ലവറിംഗ്, എക്സ്പ്ലോറിങ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് ഈ വർഷം പാസ്‌വേർഡ്‌ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിൽ 21 ട്യൂണിങ് ക്യാമ്പുകൾ ഡിസംബർ 31 ന് മുൻപായി സംഘടിപ്പിക്കും. എസ്. എസ്. എൽ. സി വിദ്യാർത്ഥികൾക്കായി എഴും  ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഒൻപതും ബിരുദ വിദ്യാർത്ഥികൾക്കായി അഞ്ചും ക്യാമ്പുകൾ നടത്തും. ഫ്ലവറിങ് ക്യാമ്പിലേക്ക് ഹയർ സെക്കൻഡറി വിഭാഗത്തിലെ 144 വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും. ഒരു ക്യാമ്പിൽ നിന്ന് സയൻസ്, ഹ്യുമാനിറ്റീസ്, ഗണിതം, കോമേഴ്‌സ് വിഷയങ്ങളിലെ നാല് വീതം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി 16 വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും.

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഹൈ സ്കൂൾ, ഹയർ സെക്കൻഡറി, ബിരുദ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമിട്ടു നടപ്പാക്കുന്ന പദ്ധതിയാണ് പാസ്‌വേർഡ്‌. വിദ്യാർത്ഥികളിൽ കരിയർ അവബോധമുണ്ടാക്കുക, സിവിൽ സർവീസ് പോലുള്ള മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കുക, ആവശ്യമായ മാർഗ നിർദേശങ്ങൾ നൽകുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. കളക്ടറേറ്റിലെ ന്യൂനപക്ഷ സെല്ലിന്റെയും ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളുടെയും നേതൃത്വത്തിലാണ് ക്യാമ്പുകൾ നടത്തുന്നത്.
 

date