Skip to main content
ശിശുദിന വാരാചരണത്തോടനുബന്ധിച്ച് ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ നടത്തിയ ഇത്തിരി കളി ഒത്തിരി കാര്യം ലഹരി  വിരുദ്ധ പരിപാടികളുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ല കളക്ടർ ഡോ. രേണു രാജ് നിർവഹിച്ചപ്പോൾ

ലഹരിക്കെതിരെ ഇത്തിരി കളിയും ഒത്തിരി കാര്യവുമായി വനിത ശിശു വികസന വകുപ്പ്

 

പാർക്കുകളിൽ കുട്ടൂസന്റെയും ഡാകിനിയുടെയുമെല്ലാം പ്രതിമകൾക്ക് പുറമേ ശാസ്ത്രജ്ഞരുടെ പ്രതിമകൾ സ്ഥാപിച്ചു കൂടെ? പാഠ്യ പദ്ധതി പരിഷ്കരണത്തിൽ എന്തൊക്കെയാണ് നിർദ്ദേശങ്ങൾ? കളക്ടർ ആകാൻ എന്ത് ചെയ്യണം? കുട്ടികൾ കാനയിൽ വീണുണ്ടാകുന്ന അപകടങ്ങൾക്ക് ആരാണ് ഉത്തരവാദി? വിദ്യാർത്ഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ കലാ-കായിക അധ്യാപകർ വേണ്ടേ?

ശിശുദിന വാരാചരണത്തോടനുബന്ധിച്ച്  വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന 'ഇത്തിരി കളി ഒത്തിരി കാര്യം' പരിപാടികളുടെ സമാപന സമ്മേളന വേദിയിൽ കുട്ടികളുമായി സംവദിച്ച ജില്ല കളക്ടർ ഡോ. രേണു രാജ് നേരിട്ട ചോദ്യങ്ങളായിരുന്നു ഇതെല്ലാം. ഓരോ ചോദ്യത്തിനും കളക്ടറുടെ മറുപടി കുട്ടികളെ തൃപ്തരാക്കി.

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ കൂടി ഭാഗമായിട്ടായിരുന്നു ഇത്തിരി കളി ഒത്തിരി കാര്യം പരിപാടി സംഘടിപ്പിച്ചത്. കാക്കനാട് ചിൽഡ്രൻസ് ഹോമിൽ നടന്ന സമാപന ചടങ്ങ് ജില്ല കളക്ടർ രേണു രാജ് ഉദ്ഘാടനം ചെയ്തു. ഇന്ന് ഒട്ടനവധി രൂപങ്ങളിൽ ലഹരി നമുക്ക് ചുറ്റുമുണ്ടെന്നും നമ്മുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറുന്ന രൂപത്തിലേക്ക് മാറിക്കഴിഞ്ഞെന്നും കളക്ടർ പറഞ്ഞു. എളുപ്പത്തിൽ പൈസ ലഭിക്കാനുള വഴി എന്ന രീതിയിൽ ലഹരി മാഫിയ കുട്ടികളെ വലയിലാക്കുന്നു. അതിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രധാന മാർഗം തിരിച്ചറിവാണ്.എന്തെല്ലാം പ്രലോഭനങ്ങൾ ഉണ്ടായാലും ലഹരി അല്ല അതിനുള്ള വഴി എന്ന് പറയാനുള്ള ധൈര്യം ഉണ്ടാകണമെന്നും അതുവഴി ലഹരി സ്വയം സമൂഹത്തെ വിട്ട് പോകുമെന്നും കളക്ടർ പറഞ്ഞു.

ചടങ്ങിൽ ജില്ല ജഡ് ജി ഹണി എം. വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ല ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി എൻ. രഞ്ജിത് കൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ ശിശു വികസന സംരക്ഷണ സമിതി അധ്യക്ഷൻ കെ.കെ ഷാജു, വനിതാ ശിശു ക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ ഡോ. പ്രേംന മനോജ്, ശിശു സംരക്ഷണ ഓഫീസർ കെ. സിനി, രാജഗിരി കോളേജ് സാമൂഹ്യ സേവന വകുപ്പ് മേധാവി ഫാ. എം.കെ ജോസഫ്, വിക്ടിം റൈറ്റ്സ് സെന്റർ പ്രതിനിധികളായ അഡ്വ. പാർവതി മേനോൻ, അഡ്വ. കെ.വി രശ്മി, കൊച്ചി സർവ്വകലാശാല  എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. എസ്. അപർണ ലക്ഷ്മണൻ, കാക്കനാട് ഗവ. ചിൽഡ്രൻസ് ഹോമിലെ ശിശുക്ഷേമ ഇൻസ്പെക്ടർ മഞ്ജു ആർ നായർ തുടങ്ങിയവർ സംസാരിച്ചു.

ഇത്തിരി കളി ഒത്തിരി കാര്യം പരിപാടിയുടെ ഭാഗമായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ 73 ചിൽഡ്രൻസ് ഹോമുകളിലും ചിത്രരചന, ഉപന്യാസം, ലഹരിക്കെതിരായ മുദ്രാവാക്യ രചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിലെ വിജയികൾക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഉജ്വല ബാല്യം പുരസ്കാരങ്ങൾക്ക് അർഹരായ കുട്ടികൾക്കുമുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, ശിശുക്ഷേമ സമിതി, ശിശു ക്ഷേമ സമിതി, ശിശു സംരക്ഷണ സമിതി,  വിക്ടിം റൈറ്റ്സ് സെന്റർ, രാജഗിരി കോളേജ്, കൊച്ചി സർവകലാശാല എൻ.എസ്.എസ് യൂണിറ്റുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.

date