Skip to main content
വടക്കേക്കര ഗ്രാമപഞ്ചായത്ത് കേരളോത്സവം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കേരളോത്സവങ്ങൾ ലഹരി വിരുദ്ധ ക്യാംപയിന് മുതൽക്കൂട്ട്: മന്ത്രി പി.രാജീവ്

 

സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന കേരളോത്സവങ്ങൾ ലഹരി വിരുദ്ധ ക്യാംപയിന് മുതൽക്കൂട്ടാണെന്ന് വ്യവസായ- നിയമ- കയർ വകുപ്പ് മന്ത്രി പി.രാജീവ്. തങ്ങളുടെ കലാ-കായിക കഴിവുകൾ പ്രകടിപ്പിക്കുന്നതോടൊപ്പം ലഹരി പോലുള്ള അപകടങ്ങളിൽ പെടാതിരിക്കാനും ഇത്തരം മേളകൾ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. വടക്കേക്കര ഗ്രാമപഞ്ചായത്തിൻ്റെ കേരളോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷി കലോത്സവം, ബാല കലോത്സവം, ഗ്രാമോത്സവം എന്നിങ്ങനെ വിവിധ വിഭാഗം മേളകൾ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചതിനെ മന്ത്രി അഭിനന്ദിച്ചു. 

മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പഞ്ചായത്ത് ഭവനും മന്ത്രി ഉദ്ഘാടനം ചെയ്തു. എം.ജി.എൻ.ആർ.ഇ.ജി.എസ് പദ്ധതിയിൽ ജില്ലയിൽ ആദ്യമായിട്ടാണ് പഞ്ചായത്ത് ഭവൻ പോലുള്ള വലിയ നിർമ്മാണ പ്രവർത്തനം നടക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള അംഗീകാരമാണ് എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അധ്യക്ഷത വഹിച്ചു. നാട്ടിലെ കലാകാരന്മാരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമാണ് കേരളോത്സവങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പുതുതായി നിർമ്മിച്ച പഞ്ചായത്ത് ഭവന് എല്ലാ ആശംസകളും അദ്ദേഹം അറിയിച്ചു.
 
പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് സനീഷ്, ബിഡിഒ പി.വി പ്രീതിക്ഷ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.എസ് സന്തോഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലൈജു ജോസഫ്, ബീനാ രത്നൻ, മിനിവർഗ്ഗീസ് മാണിയാറ, പഞ്ചായത്ത് സെക്രട്ടറി ജെയിൻ വർഗ്ഗീസ് പത്താടൻ, യൂത്ത് കോ ഓഡിനേറ്റർ ശ്രീജി എന്നിവർ സംസാരിച്ചു.

date