Skip to main content

പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ സംഭവം: ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

 

ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്കെതിരെ ഫോർഷോർ റോഡ് പോസ്റ്റ്  മെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥി ഉന്നയിച്ച ആരോപണം സംബന്ധിച്ച് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

എറണാകുളത്ത് ആണ്‍കുട്ടികള്‍ക്കായുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ പരിശോധനയ്ക്ക് വെള്ളിയാഴ്ച്ച ഡെപ്യൂട്ടി ഡയറക്ടര്‍ എത്തുന്നതിന് മുന്നോടിയായാണ് പട്ടികജാതി വികസന ഓഫീസറും റസിഡന്റ് ട്യൂട്ടറും ഹോസ്റ്റലിലെത്തിയത്. ഡപ്യൂട്ടി ഡയറക്ടര്‍ എത്താന്‍ വൈകുമെന്നറിഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് പോകുന്നതിനായി വാഹനത്തില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ ആരോപണമുന്നയിച്ച വിദ്യാര്‍ത്ഥി തടഞ്ഞു. ഇത് ഫോണ്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച ഡ്രൈവറെ കയ്യേറ്റം ചെയ്തു. തുടര്‍ന്ന് ഓഫീസര്‍ക്കു നേരെയും കയ്യേറ്റമുണ്ടായി. തുടര്‍ന്ന് വാഹനം പോകാനെടുത്തപ്പോൾ തടയുന്നതിനായി വിദ്യാർത്ഥി ഗേറ്റ് വലിച്ചടക്കുകയും ആ സമയത്ത് ഗേറ്റ് വാഹനത്തിലേക്ക് ഇടിക്കുകയുമായിരുന്നെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.

നവംബര്‍ മൂന്നിന് ഹോസ്റ്റലിലെ സ്റ്റുവാര്‍ഡിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഈ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ ഉപരോധ സമരം നടത്തിയിരുന്നു. ഈ സമയത്ത് ജില്ലാ പട്ടികജാതി വികസന ഓഫീസറെയും ജീവനക്കാരെയും രണ്ട് മണിക്കൂറോളം മുറിയില്‍ പൂട്ടിയിടുകയും ചെയ്തതായി ജില്ലാ ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയതായും ഓഫീസര്‍ അറിയിച്ചു.

date