Skip to main content
സാമൂഹിക സന്നദ്ധ സേനയിൽ അംഗങ്ങളായ ആശ പ്രവർത്തകർക്കായി കളക്ടറേറ്റ് കോൺഫറ൯സ് ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ അഗ്നിശമന ഉപകരണത്തിന്റെ പ്രവർത്തനം വിശദീകരിക്കുന്നു.

ദുരന്ത സാഹചര്യം നേരിടാ൯ സന്നദ്ധ സേവകരെ പരിശീലനത്തിലൂടെ സജ്ജരാക്കണം: കളക്ടർ

 

ദുരന്ത സാഹചര്യങ്ങളിൽ സേവന സന്നദ്ധരായവരെ കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് മികച്ച പരിശീലനം നൽകണമെന്ന്  ജില്ലാ കളക്ടർ ഡോ. രേണുരാജ്. സാമൂഹിക സന്നദ്ധ സേനാംഗങ്ങൾക്കുള്ള പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടർ.  കോവിഡ് കാലഘട്ടത്തിൽ സന്നദ്ധസേവനത്തിനെത്തിയവർ വിലപ്പെട്ട സംഭാവനയാണ് സമൂഹത്തിന് നൽകിയത്. ദുരന്തങ്ങൾ വ്യത്യസ്തമാണെന്നും ഇത് കണക്കിലെടുത്താകണം സമീപനമെന്നുമെന്ന തിരിച്ചറിവ് പ്രധാനമാണ്.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ് മുഖ്യാഥിതിയായി പങ്കെടുത്തു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദുമോൾ അധ്യക്ഷത വഹിച്ചു. പൊതുഭരണവിഭാഗത്തിനു കീഴിലുള്ള സന്നദ്ധസേനാ ഡയറക്ടറേറ്റും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച 'സാമൂഹിക സന്നദ്ധ സേന' പരിശീലന പരിപാടിയുടെ  സമാപനത്തോടനുബന്ധിച്ചു ആശ പ്രവർത്തകർക്കായി നടന്ന പരിശീലനത്തിൽ 185 പേർ പങ്കെടുത്തു. ജില്ലയിൽ 7 താലൂക്കുകളിൽ നിന്നായി 1112 പേര്‍ പരിശീലന പരിപാ‍ടിയു‍ടെ ഭാഗമായി. പ്രഥമ ശുശ്രൂഷ, അഗ്നിരക്ഷ, എന്നീ വിഭാഗങ്ങളിലാണ് പ്രധാനമായും പരിശീലനം നല്‍കിയത്.

അഡിഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിവേക് കുമാർ, അഥിതി ദേവോ ഭവ നോഡൽ ഓഫീസർ ഡോ. അഖിൽ മാനുവൽ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിലെ ഹസാർഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരൻ, കേരള യൂത്ത് ലീഡർഷിപ്പ് പ്രതിനിധി ലീല ജെറാൾഡ്, ആശ ജില്ലാ കോ ഓർഡിനേറ്റർ സജന സി. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.

date