Skip to main content
മാമലക്കണ്ടം എളംബ്ലാശേരിയില്‍ 'സഞ്ചരിക്കുന്ന റേഷന്‍കട'യുടെ ഫ്ലാഗ് ഓഫ്  കർമ്മം മന്ത്രി ജി. ആർ അനിൽ നിർവഹിക്കുന്നു

സഞ്ചരിക്കുന്ന റേഷൻ കടകളെ സ്ഥിരം സംവിധാനമായി മാറ്റും : മന്ത്രി ജി. ആർ അനിൽ

 

സഞ്ചരിക്കുന്ന റേഷൻ കടകളെ സ്ഥിരം സംവിധാനമാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. മാമലക്കണ്ടം എളംബ്ലാശേരിയില്‍ 'സഞ്ചരിക്കുന്ന റേഷന്‍കട' പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസി സമൂഹം ഉൾപ്പെടെ കേരളത്തിൽ ആരും പട്ടിണി കിടക്കരുത് എന്നാണ് സർക്കാർ നയം. ആ നയത്തിൽ ഊന്നിയാണ് സഞ്ചരിക്കുന്ന റേഷൻ കട പോലുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. നിലവിൽ വിദൂര സ്ഥലങ്ങളിൽ വാഹനങ്ങൾ വാടകയ്ക്ക് ലഭ്യമാക്കിയാണ് സഞ്ചരിക്കുന്ന റേഷൻ കടകൾ പ്രവർത്തിക്കുന്നത്. ആ സാഹചര്യം മാറി സ്വന്തം വാഹനങ്ങിലേക്ക് പ്രവർത്തനം മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

സുതാര്യമായ പൊതുവിതരണ സംവിധാനമെന്ന നയമാണ് സർക്കാരിനുള്ളത്. സുതാര്യതയിലൂടെയെ വിശ്വാസ്യത ആർജ്ജിക്കാൻ കഴിയൂ. സമൂഹത്തിൽ ഏറ്റവും പ്രയാസം അനുഭവിക്കുന്നവർക്ക് പ്രഥമ പരിഗണന നൽകിയാണ് സർക്കാർ മുൻപോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉള്‍വനത്തിലും, വിദൂര പ്രദേശങ്ങളിലും കഴിയുന്നവര്‍ക്ക് റേഷന്‍ സാധനങ്ങള്‍ നേരിട്ട് എത്തിക്കുന്ന ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ പദ്ധതിയാണ് 'സഞ്ചരിക്കുന്ന റേഷന്‍കട'. എളംബ്ലാശേരി ആദിവാസി ഊരിലെ കുടുംബങ്ങളെ സംബന്ധിച്ച്ചെടുത്തോളം ഏറെ ആശ്വാസം പകരുന്ന പദ്ധതിയാണിത്. 216 ആദിവാസി  കുടുംബങ്ങൾക്കാണ് പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുക.

എളംബ്ലാശേരി അഞ്ചുകുടി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തില്‍ ആന്റണി ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.കെ ദാനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ ഗോപി, പഞ്ചായത്ത് അംഗങ്ങളായ ശ്രീജ ബിജു, സൽമ പരീത്, മാമലക്കണ്ടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ.പി ഗോപിനാഥൻ, ജില്ലാ സപ്ലൈ ഓഫീസർ ബി.ജയശ്രീ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.എൻ കുഞ്ഞുമോൻ,  ഊര് മൂപ്പൻ മൈക്കിൾ, താലൂക്ക് സപ്ലൈ ഓഫീസർ ടി.കെ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.

date