Skip to main content
ഫ്രഞ്ച് ടൂർ ഓപ്പറേറ്റർമാർ ആമ്പല്ലൂരിലെ പരമ്പരാഗത ആലയിൽ.

ഫ്രഞ്ച് വിനോദസഞ്ചാരികളെ വരവേൽക്കാനൊരുങ്ങി മുളന്തുരുത്തി

 

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ടൂറിസം സർക്യൂട്ടിലേക്ക് അടുത്ത സീസണിൽ നിന്നും ഫ്രാ൯സിൽ നിന്നും വിനോദസഞ്ചാരികളെത്തും. ഇതു സംബന്ധിച്ച ആലോചനകളുടെ ഭാഗമായി പാരീസിൽ നിന്നുള്ള ടൂർ ഓപ്പറേറ്റർമാർ മുളന്തുരുത്തിയിലെത്തി. എടക്കാട്ടുവയലിലെത്തിയ അമാൻഡ മുററ്റ്, ഉമേഷ്‌ ശർമ്മ തുടങ്ങിയ ടൂർ ഓപ്പറേറ്റർമാരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ, പഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. ജയകുമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

തിരുമറയൂർ ക്ഷേത്രം, തിരുമറയൂർ പാടശേഖരം, വെളിയനാട് ആദി ശങ്കരന്റെ ജന്മഗൃഹമായ മേൽപ്പാഴൂർ മന, ആമ്പല്ലൂർ പഞ്ചായത്തിലെ ഞണ്ടുകാട് തുരുത്ത്, പരമ്പരാഗതരീതിയിൽ കൊല്ലപ്പണി ചെയ്യുന്ന ആമ്പല്ലൂർ സ്വദേശി വേലായുധന്റെ ആല, മുളന്തുരുത്തി കൈത്തറി സഹകരണ സംഘം, ഉദയംപേരൂർ പഞ്ചായത്തിലെ പനച്ചിക്കൽ ഫിഷ് ലാൻഡിംഗ് സെന്റർ തുടങ്ങിയ സ്ഥലങ്ങൾ സംഘം സന്ദർശിച്ചു. ആമ്പല്ലൂർ  പഞ്ചായത്തിൽ കേരളോത്സവം നടക്കുന്ന വേദിയിലും സംഘമെത്തി. വൈകുന്നേരം കുടുംബശ്രീ അംഗങ്ങളുടെ കൈകൊട്ടിക്കളിയും സംഘം ആസ്വദിച്ചു.

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്‌, സെന്റ് തെരെസാസ് കോളേജ് ഫ്രഞ്ച് ഡിപ്പാർട്മെന്റ്, കേരള ഹോം സ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി എന്നിവർ  ചേർന്നാണ് ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത സീസൺ തുടങ്ങുന്നതിനു മുൻപായി ഓരോ പഞ്ചായത്തിലും പത്ത് ഹോംസ്റ്റേകൾ സജ്ജീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ പറഞ്ഞു. ഇതിനായി സംരംഭകത്വ സെമിനാർ സംഘടിപ്പിച്ച് പരിശീലനം നൽകും.

സംസ്ഥാന ടൂറിസം വകുപ്പ് ഉപദേശക സമിതിയംഗം എം.പി.ശിവദത്തൻ, മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, എടക്കാട്ടുവയൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴസൺ ജൂലിയ ജെയിംസ്, ആമ്പല്ലൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനു പുത്യേതുമാലിൽ, ജലജ മണിയപ്പൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ജലജ മോഹനൻ, ജലജ മോഹനൻ, പഞ്ചായത്ത് അംഗങ്ങളായ അസീന ഷാമൽ, സെന്റ് തെരെസസ് കോളേജിലെ പ്രോഗ്രാം കോർഡിനേറ്റർ ജോഷി വർഗ്ഗീസ്  തുടങ്ങിയവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

date