Skip to main content

സന്നിധാനത്തെ ഭാഗവത മുഖരിതമാക്കി സഹദേവന്‍ ചെന്നാപ്പാടവും സംഘവും

ശബരിമല സന്നിധാനത്ത് 18 വര്‍ഷമായി (ലോക്ഡൗണ്‍ കാലം ഒഴിച്ച്) എല്ലാ മണ്ഡലകാലത്തും ഭാഗവതപാരായണം നടത്തി വരികയാണ് അഖില കേരള പുരാണ പാരായണ കലാസംഘടനയിലെ സഹദേവന്‍ ചെന്നാപ്പാടം. 2004 ശബരിമല ഉത്സവകാലത്ത് കലാസംഘടനയിലെ കാക്കക്കൂട്ടൂര്‍ മുരളി, കല്ലട ശ്രീധരന്‍പിള്ള , സരസമ്മ കരുനാഗപ്പള്ളി, എന്നിവരോടൊപ്പം സന്നിധാനത്ത് ഭാഗവതപാരായണം ആരംഭിച്ചു.

 

പിന്നീടിങ്ങോട്ട് എല്ലാ വര്‍ഷവും ശബരിമല സന്നിധിയിലെ സ്ഥിരം സന്ദര്‍ശകനായി ഭാഗവത പാരായണത്തിന് നേതൃത്വം നല്‍കുന്നു. അഖില കേരള പുരാണ പാരായണ കലാസംഘടനയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായ സഹദേവന്‍ ചെന്നാപ്പാടം കൊല്ലം കൊട്ടാരക്കരക്കടുത്ത് ഓടനാവട്ടം സ്വദേശിയാണ്.

 

ശബരിമലയില്‍ ജോലിക്കെത്തുന്ന ഉദ്യോഗസ്ഥരും പുരാണ പാരായണ കലാസംഘടനയിലെ കലാകാരന്മാരും ഉള്‍പ്പെടെ 30 പേര്‍ പാരായണത്തില്‍ പ്രതിഫലേച്ഛ കൂടാതെ പങ്കാളികളാകുന്നു. പാരായണത്തിന് എത്തുന്നവര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ദക്ഷിണയും ദേവസ്വം ബോര്‍ഡ് നല്‍കുന്നു. മണ്ഡലമാസത്തിലെ 41 ദിവസവും സന്നിധാനത്ത് ഭാഗവത പാരായണം നടത്തുന്നുണ്ട്.

 

സഹദേവന്‍ ചെന്നാപ്പാടം മണ്ഡലമാസം അവസാനം വരെ ഇടയ്ക്ക് ഏതാനും ദിവസമൊഴിച്ച് സന്നിധാനത്തെ പാരായണത്തില്‍ പങ്കാളിയായി നേത്യത്വം നല്‍കുന്നു. അഖില കേരള പുരാണ പാരായണ കലാസംഘടനയുടെ ഭാഗമായി എത്തുന്ന കലാകാരന്മാര്‍ സാധാരണ മൂന്ന് ദിവസം പങ്കെടുക്കും. ശബരിമല സന്നിധിയില്‍ അയ്യപ്പ സ്വാമിയുടെ മുന്നില്‍ പാരായണത്തിന് അവസരം ലഭിച്ചത് ഭാഗ്യമായ് കാണുന്നുവെന്ന് മൂന്നു വട്ടം ഇവിടെ ഭാഗവത പാരായണത്തില്‍ പങ്കാളിയായ എസ്. സുശോഭന പറഞ്ഞു.

date