Skip to main content

വയോജനങ്ങള്‍ക്ക് 'ഇന്‍സുലിന്‍ മധുരം', സൗജന്യ ഇന്‍സുലിന്‍ വിതരണം തുടങ്ങി

പോത്തന്‍കോട് ബ്ലോക്കിലെ 60 വയസിന് മുകളില്‍ പ്രായമുള്ള പ്രമേഹരോഗ ബാധിതര്‍ക്ക് സൗജന്യ ഇന്‍സുലിന്‍ വിതരണം ചെയ്യുന്ന 'വയോമധുരം' പദ്ധതി വി. ശശി എം. എല്‍. എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശസ്ഥാപനത്തിന്റെ നേതൃത്വത്തില്‍ പ്രമേഹ രോഗികള്‍ക്ക് സൗജന്യ ഇന്‍സുലിന്‍ വിതരണം നടത്തുന്നത്. ഇതിനായി 36.50 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലെ ജീവിതശൈലീ രോഗ നിയന്ത്രണ ക്ലിനിക്കുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 60 വയസിന് മുകളില്‍ പ്രായമുള്ള രോഗികള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച അളവിലുള്ള ഇന്‍സുലിന്‍ ഓരോ മാസവും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം ഈ മാസത്തെ ഇന്‍സുലിന്‍ വിതരണം നിര്‍വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കാളികളായി.

date