Skip to main content
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച അതിഥി തൊഴിലാളികൾക്കുള്ള വാർഡിന്റെ  ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ച ശേഷം എം വിജിൻ എം എൽ എ വാർഡിലെ സഞ്ജീകരണങ്ങൾ നോക്കികാണുന്നു

പഴയങ്ങാടി താലൂക്കാശുപത്രിയിൽ  കൂടുതൽ ആധുനിക സൗകര്യങ്ങളൊരുക്കും:  മന്ത്രി വീണാ ജോർജ്

 

ഒ പി, ഐ പി സൗകര്യങ്ങളടക്കമുള്ള ആധുനിക സൗകര്യങ്ങൾ പഴയങ്ങാടി താലൂക്കാശുപത്രിയിൽ ഒരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. പഴയങ്ങാടി താലൂക്കാശുപത്രിയിലെ അതിഥി തൊഴിലാളി വാർഡ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി രണ്ടാംഘട്ട നിർമാണ പ്രവൃത്തി , സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമാണ പ്രവൃത്തി എന്നിവയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രസവ ചികിത്സാരംഗത്തെ മികച്ച നേട്ടമായി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മാറുമെന്നും മന്ത്രി പറഞ്ഞു.

പി എം കെയർ ഫണ്ടിൽ ഉൾപ്പെടുത്തി 'അതിഥി ദേവോ' പദ്ധതിയിലാണ്  97 ലക്ഷം രൂപ ചെലവിൽ  അതിഥി തൊഴിലാളികൾക്കായി പ്രത്യേക വാർഡ് വാർഡ് സജ്ജമാക്കിയത്. സംസ്ഥാനത്തെ ആദ്യ അതിഥിതൊഴിലാളി വാർഡാണ് കല്യാശേരി മണ്ഡലത്തിലേത്. 3745 ചതുരശ്ര അടിയിൽ മികച്ച സൗകര്യങ്ങളോടെയാണ് വാർഡ് ഒരുക്കിയത്. 20 കിടക്കകളാണ് സജീകരിച്ചത്. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും പ്രത്യേക മുറികൾ, നഴ്‌സസ് സ്റ്റേഷൻ, നിരീക്ഷണ മുറി, പരിശോധന മുറി,  നഴ്‌സസ് സ്റ്റേഷൻ, ഡോക്ടേഴ്‌സ് റൂം, മരുന്ന് സൂക്ഷിക്കാനുള്ള സൗകര്യം, റാംപ്, ശുചി മുറി സമുച്ചയും എന്നിവയും ഉണ്ട്. 

അന്യനാടുകളിൽ നിന്നെത്തി വിവിധ ജോലികൾ ചെയ്തു ജീവിക്കുന്ന മൂവായിരത്തോളം അതിഥി തൊഴിലാളികൾ കല്യാശേരി മണ്ഡലത്തിലുണ്ട്. ഈ സംവിധാനം അവർക്ക് ഏറെ സഹായകരമാകും.

സംസ്ഥാന സർക്കാർ നബാർഡ് മുഖേന ഒമ്പത് കോടി രൂപ ചെലവിലാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നിർമിക്കുന്നത്. 1326 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള താഴത്തെ നിലയുടെ ഒന്നാംഘട്ടം പൂർത്തിയായി. മൂന്ന് കോടി രൂപ ചെലവിലാണ് പ്രവൃത്തി പൂർത്തിയാക്കിയത്. ആറ് കോടി രൂപ ചെലവിലാണ് രണ്ടാംഘട്ടം പൂർത്തിയാക്കുക. കാത്തിരിപ്പ് കേന്ദ്രം, ലേബർ റൂം, പ്രീ ലേബർ റൂം, നഴ്‌സസ് സ്റ്റേഷനുകൾ, പോസ്റ്റ് ലേബർ റൂം, മൈനർ ഓപ്പറേഷൻ തിയേറ്റർ, ന്യൂ ബോൺ റെസ്‌ക്യൂസ്റ്റേഷൻ, ഓപ്പറേഷൻ തിയറ്റർ, പോസ്റ്റ് ഓപ്പറേഷൻ റൂം, ന്യൂ ബോൺ കെയർ, സ്റ്റെറിലൈസേഷൻ റൂം, ലാബ്, ഓഫീസ്, സൂപ്രണ്ട് റൂം, എക്സാമിനേഷൻ പ്രിപ്പറേഷൻ റൂം, റെസ്റ്റ്റൂം, ഡോക്ടേഴ്സ് റസ്റ്റ്റൂം, ടോയ്ലറ്റുകൾ, റാംപ്, ലിഫ്റ്റ് എന്നിവയാണ് ഒന്നാം നിലയിൽ സജീകരിക്കുക. 2677 ച. മീറ്റർ വിസ്തൃതിയാണ് ഒന്നാം നിലയ്ക്കുള്ളത്. 1296 ച. മീറ്റർ വിസ്തൃതിയുള്ള രണ്ടാം നിലയിൽ വാർഡ്, നഴ്സസ് സ്റ്റേഷനുകൾ, കാത്തിരിപ്പ് കേന്ദ്രം, രോഗികൾക്ക് കൂട്ടിരിക്കുന്നവർക്കുള്ള വിശ്രമ മുറി, ഡൈനിംഗ് റൂം, കോൺഫറൻസ് ഹാൾ, ഡോക്ടർമാരുടെ വിശ്രമമുറി, നഴ്സ്മാർക്കുള്ള വിശ്രമ മുറി, സ്റ്റാഫിനുള്ള വിശ്രമ മുറി, റാംപ്, ലിഫ്റ്റ് തുടങ്ങിയവയും ഒരുക്കും. 87 ച. മീറ്റർ വിസ്തൃതിയുള്ള മൂന്നാം നിലയിൽ മെഷീൻ റൂം, സ്റ്റെയർ റൂം എന്നിവയാണ് ഒരുക്കുക. 

ദേശീയ ആരോഗ്യ ദൗത്യം മുഖേന 1.22 കോടി രൂപ ചെലവിൽ നിർമിക്കുന്ന  സ്റ്റാഫ് ക്വാർട്ടേഴ്സിൽ രണ്ടു നിലകളിലായി നാല് കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കും. കിടപ്പുമുറികളും, അടുക്കള ഭക്ഷണമുറി, ശുചിമുറി എന്നിവയും ഒരുക്കും.

താലൂക്കാശുപത്രിയിൽ നടന്ന ചടങ്ങിൽ എം വിജിൻ എം എൽ എ ശിലാഫലകം അനാഛാദനം ചെയ്തു. എം എൽ എ യുടെ അധ്യക്ഷതയിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, വൈസ് പ്രസിഡണ്ട് ഡി വിമല, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി ഗോവിന്ദൻ, ടി നിഷ, ജില്ലാപഞ്ചായത്തംഗം സി പി ഷിജു, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി കെ അനിൽകുമാർ, പൊതുമരാമത്ത് എക്‌സി.എഞ്ചിനീയർ കെ ജിഷാകുമാരി, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഒ കെ സുനിൽ കുമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിന ഭായ് എന്നിവർ സംസാരിച്ചു.

date