Skip to main content
ലോക ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ കാഴ്ച പരിമിതിയുള്ള കുട്ടികള്‍ക്കായി നടത്തിയ ഓട്ടമത്സരത്തില്‍ നിന്ന്.

ഭിന്നശേഷി ദിനാഘോഷം ഉണര്‍വ് 2022: പരിമിതികളില്‍ തളരാതെ ചിറകുവിരിച്ച് ഭിന്നശേഷിക്കാരായ കുരുന്നുകള്‍ 

    തങ്ങളുടെ പരിമിതികളില്‍ തളരാതെ ചിറകു വിരിച്ച് പറക്കാനുള്ള ആവേശത്തോടെ പോരാടി വിവിധ സ്‌പെഷ്യല്‍ സ്‌കൂളിലെയും ബഡ്‌സ് സ്‌കൂളിലെയും കുരുന്നുകള്‍. ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ജില്ലാ സാമൂഹ്യ നീതി വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച കലാ കായിക മത്സരങ്ങളിലാണ് അവര്‍ ഒന്നായി മത്സരിച്ചത്. 

     വിവിധ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക സ്‌കൂളുകള്‍, 34 സ്‌പെഷ്യല്‍ സ്‌കൂളുകള്‍, ബഡ്‌സ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്. 

    പ്രസംഗ മത്സരം, ചിത്രരചനാ മത്സരം, ഉപന്യാസ മത്സരം, ജൂനിയര്‍, സബ് ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ റണ്ണിംഗ് ലോങ് ജംപ്, സ്റ്റാന്‍ഡിംഗ് ലോങ് ജംപ്, 25 മീറ്റര്‍, 50 മീറ്റര്‍, 100 മീറ്റര്‍ ഓട്ടമത്സരങ്ങള്‍, ബോള്‍ പാസിംഗ് തുടങ്ങിയവയ്‌ക്കൊപ്പം കുട്ടികള്‍ക്ക് ഇഷ്ടാനുസരണം കലാപ്രകടനങ്ങള്‍ നടത്തുവാനും അവസരമുണ്ടായിരുന്നു. ഓരോ ഭിന്നശേഷി വിഭാഗത്തിലുമുള്ള കുട്ടികള്‍ക്കും അനുയോജ്യമായ രീതിയിലാണു മത്സരങ്ങള്‍ സംഘടിപ്പിച്ചത്.  

  ഭിന്നശേഷിക്കാരായവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുക, അവരുടെ അവകാശങ്ങളും അന്തസും സുരക്ഷിതത്വവും ഉറപ്പാക്കിയുളള ജീവിതത്തിനായി സഹായ സംവിധാനങ്ങള്‍ ലഭ്യമാക്കുക, മുഖ്യധാരാ ജീവിതത്തിനും പങ്കാളിത്തതിനും വികസന മാതൃകകളും പരിഹാരങ്ങളും രൂപപ്പെടുത്തുക, ഭിന്നശേഷി പരിമിതികള്‍ ഉള്‍കൊണ്ട് അവസര സമത്വം, തൊഴില്‍ അവസരങ്ങള്‍, ഭിന്നശേഷിക്കാരെ പൂര്‍ണ്ണമായും ഉള്‍കൊളളുന്ന വികസനം, കായിക രംഗത്തെ ഉജ്ജ്വല പ്രകടനം തുടങ്ങിയവയാണ് ഈ വര്‍ഷത്തെ ഭിന്നശേഷി ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

date