Skip to main content

സഹകരണ മേഖലയിലെ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി ഉറപ്പാക്കും: മന്ത്രി വി. എൻ. വാസവൻ

കോട്ടയം: സഹകരണ മേഖലയിലെ ജനങ്ങളുടെ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി ഉറപ്പാക്കുന്ന നിയമം പാസാക്കുമെന്ന് സഹകരണ- സാംസ്‌കാരികവകുപ്പ് മന്ത്രി വി.എൻ വാസവൻ. സഹകരണ സംഘാംഗങ്ങളിൽ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സർക്കാർ നൽകുന്ന സമാശ്വാസ നിധിയുടെ മൂന്നാം ഘട്ട വിതരണോദ്ഘാടനം കോട്ടയം എസ.്പി.സി.എസ് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ബാങ്കുകളിലെ ക്രമക്കേടുകൾ ഒഴിവാക്കി സഹകരണ മേഖലയുടെ പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ നിയമം ഗുണം ചെയ്യും. സഹകരണ മേഖലയിൽ ജോലി ചെയ്ത് ഇന്ന് പരാശ്രയം കൂടാതെ ജീവിക്കാൻ കഴിയാത്ത സഹകാരികൾക്കായി 'സഹകാരിക്ക് ഒരു സാന്ത്വനം' പദ്ധതി സർക്കാർ നടപ്പാക്കി. കോവിഡ് കാലത്ത്  വിദ്യാഭ്യാസ മേഖലയിൽ പലിശ രഹിത വായ്പ നൽകി ഓൺലൈൻ വിദ്യാഭ്യാസം പൂർണതയിൽ എത്തിക്കാൻ സഹകരണ ബാങ്കുകൾക്ക് കഴിഞ്ഞു.

സഹകരണ സംഘങ്ങളിലെ അംഗങ്ങളിൽ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് ആശ്വാസമെന്നോണമാണ് സർക്കാറിന്റെ സമാശ്വാസ നിധി പദ്ധതി. സംസ്ഥാനത്താകമാനം 68.24 കോടി രൂപയാണ് സമാശ്വാസ പദ്ധതിക്കായി സർക്കാർ കൈമാറിയിട്ടുള്ളത്. ജില്ലയിൽ 6.51 കോടി രൂപയാണ് മൂന്ന് ഘട്ടങ്ങളായി സമാശ്വാസ നിധിയിൽ വിതരണം ചെയ്യുന്നത്. ജില്ലയിൽ വിവിധ സഹകരണ സംഘങ്ങളിൽ നിന്നായി 3150 ഗുണഭോക്താക്കളാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ 996 പേരാണ് മൂന്നാം ഘട്ട ഗഡുവിന്റെ ഗുണഭോക്താക്കളായി ഉള്ളത്. ഇവർക്കുള്ള സമാശ്വാസ നിധിയുടെ മൂന്നാം ഘട്ട ഗഡുവിലേക്കായി 2.03 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
 തിരുവഞ്ചൂർ രാധാകൃഷണൻ എം.എൽ. എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യാതിഥിയായി. കേരള ബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴിക്കുളം മുഖ്യപ്രഭാഷണം നടത്തി. വിവിധ സർക്കിൾ സഹകരണ യൂണിയൻ ചെയർമാന്മാരായ അഡ്വ. ജോസഫ് ഫിലിപ്പ്, കെ.എം ഹരിദാസ്, ജോൺസൺ പുളിക്കിൽ, കെ.സി.എഫ്.സി ജില്ലാ പ്രസിഡന്റ് കെ.കെ സന്തോഷ്, സെക്രട്ടറി ആർ. ബിജു, ട്രഷറർ കെ. പ്രശാന്ത്, കോട്ടയം ജോയിന്റ് രജിസ്ട്രാർ എൻ. വിജയകുമാർ എന്നിവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ:

സഹകരണ സംഘാംഗങ്ങൾക്കുള്ള സമാശ്വാസ നിധിയുടെ മൂന്നാം ഘട്ട വിതരണോദ്ഘാടനം കോട്ടയം എസ.്പി.സി.എസ് ഹാളിൽ സഹകരണ- സാംസ്‌കാരികവകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിക്കുന്നു. (കെ.ഐ.ഒ.പി.ആർ 3003/2022)
 

date