Skip to main content

അഴീക്കൽ ഗ്രീൻഫീൽഡ് തുറമുഖം: അന്തിമ ഡിസൈൻ റിപ്പോർട്ട് സമർപ്പിച്ചു-മന്ത്രി അഹമ്മദ് ദേവർകോവിൽ

 

അഴീക്കലിൽ നിർമിക്കുന്ന ഗ്രീൻഫിൽഡ് തുറമുഖ നിർമാണത്തിന്റെ അന്തിമ ഡിസൈൻ റിപ്പോർട്ട് സമർപ്പിച്ചതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിയമസഭയിൽ അറിയിച്ചു. അഴീക്കോട് എംഎൽഎ കെ വി സുമേഷിന്റെ സബ് മിഷനുള്ള മറുപടി പറയുകയായിരുന്നു അദ്ദേഹം. 2021 മാർച്ചിൽ സ്റ്റേറ്റ് എൻവയോൺമെന്റൽ ഇംപാക്ട് അസസ്സ്മെന്റ് അതോറിറ്റി പാരിസ്ഥിതിക പഠനം നടത്തുന്നതിനുള്ള ടേംസ് ഓഫ് റഫറൻസ് അംഗീകരിച്ചു.  അതിന് ശേഷം വിശദമായ പാരിസ്ഥിതിക പഠനങ്ങളും ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയും റിപ്പോർട്ട് തയ്യാറാക്കലും പുരോഗമിച്ചു വരികയാണ്.

ഡി പി ആർ അനുസരിച്ച് മൂന്ന് ഘട്ടമായാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ 3074 കോടി രൂപയും മറ്റ് രണ്ട് ഘട്ടങ്ങളിലായി 1983 കോടി രൂപയുമുൾപ്പെടെ മൊത്തം 5057  കോടി രൂപയാണ് പദ്ധതി ചെലവ്.  

ടെക്ക്നിക്കൽ കൺസൾട്ടന്റ് സമർപ്പിച്ച ഡി പി ആറിന്റെ സാങ്കേതിക ധനകാര്യ നിർദ്ദേശങ്ങൾ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി ഒരു വിദഗ്ധ സമിതി രൂപീകരിച്ചു. തുറമുഖ വകുപ്പ് സെക്രട്ടറിയാണ് കമ്മറ്റിയുടെ  കൺവീനർ. ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, മലബാർ ഇന്റർനാഷണൽ പോർട്ട് ആന്റ് സെസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ആന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരാണ് മറ്റ് അംഗങ്ങൾ.  തുറമുഖത്തെ എൻ എച്ച് 66 ബൈപാസുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ അലൈൻമെന്റ് തയ്യാറാക്കി കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. തുറമുഖ വികസന പദ്ധതിയുടെ ഭാഗമായി കയറ്റുമതി-ഇറക്കുമതി വ്യാപാരം വർധിപ്പിക്കാനും തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വികസനത്തിനുമായി ടാറ്റ കൺസൾട്ടിങ് എഞ്ചിനീയേഴ്സ് എന്ന സ്ഥാപനം ടെക്നോ ഇക്കണോമിക് ഫീസിബിലിറ്റി റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചു വരികയാണ്.  പദ്ധതിയുമായി ബന്ധപ്പെട്ട് നിർമാണ മേഖലയിലുള്ള 146.61 ഏക്കർ കടൽ പുറമ്പോക്ക് നിർമാണ കമ്പനിയുടെ പെരിൽ പതിച്ചു കിട്ടുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

date