Skip to main content

കുണ്ടുകടവ് പാലം നിര്‍മാണം; സര്‍വേക്ക് തുടക്കമായി സര്‍വേ നടത്തി പദ്ധതി പ്രദേശത്തെ കൈയേറ്റങ്ങള്‍ കണ്ടെത്തും

പൊന്നാനിയെയും മാറഞ്ചേരി പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കുണ്ടുകടവ് പാലത്തിന്റെ നിര്‍മാണത്തിന് മുന്നോടിയായി സ്ഥലമളന്ന് തിട്ടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പി.ഡബ്യു.ഡി പുറമ്പോക്ക് സ്ഥലം നിര്‍ണയിച്ച് കൈയ്യേറ്റം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് താലൂക്ക് സര്‍വേ വിഭാഗം സര്‍വേ നടത്തുന്നത്. പാലത്തിന്റെ  ഇരുഭാഗത്തും പുഴ പുറമ്പോക്ക്  ഭൂമിയില്‍ വീടുകള്‍ ഉള്‍പ്പെടെ സര്‍വേയില്‍ കണ്ടെത്തി ഇവ ഒഴിപ്പിച്ചായിരിക്കും പാലം നിര്‍മിക്കുക. പാലത്തിന്റെ കിഴക്ക് ഭാഗത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ സ്ഥലം പാലം നിര്‍മാണത്തിന് ആവശ്യമെങ്കില്‍ ഏറ്റെടുക്കും. ഇതോടൊപ്പം നിലവിലെ പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പാലവും നിര്‍മിക്കും. ഇതിനാവശ്യമായ സ്ഥലവും കൂടി അളന്ന് തിട്ടപ്പെടുത്തുന്നുണ്ട്. താലൂക്ക് സര്‍വേയര്‍ ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തിലാണ് സര്‍വേ നടന്നത്. സര്‍വേ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് തഹസില്‍ദാര്‍ പി.ഡബ്യു.ഡിക്ക് കൈമാറും.

date