Skip to main content

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍: നൂറ് ശതമാനം പൂര്‍ത്തിയാക്കി ആലുവ  270 തൊഴിലവസരങ്ങള്‍, 684.2 ലക്ഷം രൂപയുടെ നിക്ഷേപം

 

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിട്ടതിലധികം സംരംഭങ്ങള്‍ ആരംഭിച്ച് നൂറ് ശതമാനം നേട്ടം കൈവരിച്ചിരിക്കുകയാണ് ആലുവ നഗരസഭ. ഈ സാമ്പത്തിക വര്‍ഷം ആലുവ നഗരസഭ പരിധിയില്‍ 101 സംരംഭങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പദ്ധതി ആരംഭിച്ച് എട്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ 120 സംരംഭങ്ങളാണ് ആരംഭിച്ചത്.

120 സംരംഭങ്ങള്‍ പുതിയതായി ആരംഭിച്ചത് വഴി 270 തൊഴിലവസരങ്ങള്‍ നഗരസഭാ പരിധിയില്‍ സൃഷ്ടിക്കപ്പെട്ടു. ഇതുവഴി വ്യവസായം മേഖലയില്‍ 684.2 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഉണ്ടായിരിക്കുന്നത്.

വ്യാപാര മേഖലയിലാണ് ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. 53 സംരംഭങ്ങളാണ് ഈ മേഖലയില്‍ ആരംഭിച്ചിരിക്കുന്നത്. സേവനമേഖലയില്‍ 52, ഉല്‍പ്പാദന മേഖലയില്‍ 14 ഉം സംരംഭങ്ങള്‍ ആരംഭിച്ചു. 

സംരംഭകര്‍ക്ക് കൈത്താങ്ങാവുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി 
നഗരസഭയില്‍ ജനറല്‍ ഓറിയന്റെഷന്‍ പ്രോഗ്രാമുകളും ലോണ്‍ മേളകളും നടത്തിയിരുന്നു. സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സഹായത്തിനായി എല്ലാ പഞ്ചായത്തുകളിലും ഹെല്‍പ്പ് ഡസ്‌ക്കുകള്‍ ആരംഭിക്കുകയും ഇന്റേണുകളെ നിയമിക്കുകയും ചെയ്തു. 

സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസന്‍സ്, അനുമതി എന്നിവ നേടുന്നതിനുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍, സംരംഭകര്‍ വായ്പയ്ക്കായി ബാങ്കില്‍ നല്‍കിയിട്ടുള്ള അപേക്ഷകളുടെ തുടര്‍ നടപടികള്‍ വിലയിരുത്തി വായ്പ സമയബന്ധിതമായി ലഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയ സേവനങ്ങള്‍ ഇവര്‍ ഉറപ്പാക്കുന്നു.

date