Skip to main content

ദേശീയപാത വികസനം: കരുമ്പില്‍ അണ്ടര്‍പാസ് നിര്‍മിക്കാന്‍ അനുമതിയായി

ദേശീയപാത വികസനത്തില്‍ കരുമ്പിലില്‍ അണ്ടര്‍പാസ് നിര്‍മിക്കാന്‍ അനുമതിയായതായി  ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ ജെ.ബാലചന്ദ്രന്‍  ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെ  അറിയിച്ചു. ദേശീയപാത കരുമ്പില്‍ മേഖലയില്‍ കിലോമീറ്റര്‍ 279 - 550നും ഇടയില്‍ അനുയോജ്യ സ്ഥലത്തായിരിക്കും അണ്ടര്‍പാസ് വരിക. ദേശീയ പാത വികസനത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും കരുമ്പില്‍ മേഖലയില്‍ അണ്ടര്‍ പാസ് നിര്‍മിക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും കെ.പി.എ മജീദ് എം.എല്‍.എയും ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി നഗരസഭ ഭരണസമിതിയും ദേശീയപാത അധികൃതരോട് ശക്തമായ ആവശ്യം ഉന്നയിച്ചിരുന്നു.

 2022  ജൂലൈ 14ന് ചേര്‍ന്ന തിരൂരങ്ങാടി നഗരസഭ കൗണ്‍സിലിന്റെ  പ്രമേയത്തിന്റെ കോപ്പി സഹിതം ദേശീയ പാത അതോറിറ്റിക്ക്   ഇ.ടി മുഹമ്മദ് ബഷീര്‍ എംപി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് ദേശീയ പാത ഉന്നത തല യോഗം ചങ്കുവെട്ടി റസ്റ്റ് ഹൗസില്‍ ചേര്‍ന്നിരുന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ എന്നിവര്‍  കരുമ്പില്‍ മേഖലയില്‍ ജനങ്ങള്‍ അനുഭവിക്കേണ്ടി  വരുന്ന പ്രയാസങ്ങള്‍ വിശദീകരിച്ചിരുന്നു. തുടര്‍ന്ന്  ദേശീയ വിഭാഗം ഉദ്യോഗസ്ഥര്‍ അന്ന് തന്നെ സ്ഥലം പരിശോധിച്ചിരുന്നു. അണ്ടര്‍പാസിനുള്ള അനുമതി വൈകുന്നതിനെ തുടര്‍ന്ന് ഉടന്‍ നടപടി സ്വീകരിക്കാന്‍  2022 നവംബര്‍ 23ന് ചേര്‍ന്ന തിരൂരങ്ങാടി നഗരസഭ കൗണ്‍സില്‍ യോഗം ദേശീയപാത അധികൃതരോട് വീണ്ടും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. രണ്ട് ആഴ്ച മുമ്പ് ജില്ലാകലക്ടര്‍ക്കും നഗരസഭ നിവേദനം നല്‍കി. നിലവില്‍ കക്കാട്, വെന്നിയൂര്‍ ഭാഗങ്ങളിലാണ് അടി-മേല്‍പ്പാതകളുള്ളത്. ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളുള്ള മേഖലയാണിത്.

date