Skip to main content

"കേരളത്തിലെ വന്ധ്യതയുടെ പ്രാചുര്യവും ചികിത്സയും" : സർവ്വെ ആരംഭിച്ചു

 

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ "കേരളത്തിലെ വന്ധ്യതയുടെ പ്രാചുര്യവും ചികിത്സയും" എന്ന സർവ്വെ ജില്ലയിൽ ആരംഭിച്ചു. വന്ധ്യതയും വന്ധ്യതാചികിത്സയിലെ ചൂഷണവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് പൊതു-സ്വകാര്യമേഖലയിലുള്ള അലോപ്പതി ക്ലിനിക്കുകളുടെ എണ്ണവും വിവരവും ശേഖരിക്കുന്നത്. നിയമസഭാ സമിതിയുടെയും ആരോഗ്യവകുപ്പിന്റെയും നിർദ്ദേശപ്രകാരമാണ് സർവ്വെ നടത്തുന്നത്.

വന്ധ്യത നേരിടുന്ന ദമ്പതിമാരുടെ വിവരശേഖരണം തെരഞ്ഞെടുത്ത സാമ്പിളുകളിൽ നിന്നും വന്ധ്യത ക്ലിനിക്കുകളുടെ വിവരശേഖരണം ജില്ലയിൽ മുഴുവനായും ആദ്യഘട്ടത്തിൽ നടത്തും. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥരാണ് വിവരശേഖരണം നടത്തുന്നത്.

രണ്ടാം ഘട്ടത്തിൽ വന്ധ്യത അഭിമുഖീകരിക്കുന്ന ദമ്പതിമാരിൽ നിന്ന് വിശദവിവരശേഖരണം നടത്തും. വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ആശാവർക്കർമാരും ജെപിഎച്ച്എൻമാരും പങ്കാളികളാകും. ദമ്പതിമാർ അഭിമുഖീകരിക്കുന്ന സാമൂഹിക പ്രശ്നങ്ങൾ മനസിലാക്കുകയെന്നതാണ് പ്രധാനം. വന്ധ്യതയ്ക്ക് കാരണമാകുന്ന വിവിധ അവസ്ഥകൾ കണ്ടെത്തും. 

വന്ധ്യതാ ക്ലിനിക്കുകളിൽ ലഭ്യമാകുന്ന സേവനങ്ങളുടെ വ്യാപ്തി നിശ്ചിത ചോദ്യാവലിയിലൂടെ മനസിലാക്കും. ക്ലിനിക്കുകളിൽ നിന്ന് ദമ്പതിമാർക്ക് ലഭ്യമാവുന്ന സേവനം എത്രമാത്രം സ്വീകാര്യമാണെന്നും ചെലവേറിയതാണെന്നും കണ്ടെത്തി രേഖപ്പെടുത്തും.

ചികിത്സക്കായി ആശ്രയിച്ച ആശുപത്രിയുടെ വിവരം, കാലയളവ്, ചെലവായ തുക എന്നിവ ശേഖരിക്കുന്നുണ്ട്. വന്ധ്യതാ ചികിത്സ തേടാത്തവരുടെ എണ്ണം, തേടിയവരുടെ എണ്ണം, ചികിത്സയിലൂടെ ഗർഭധാരണം നടന്നവരുടെ എണ്ണം എന്നിവ സർവ്വെ ശേഖരണത്തിലുണ്ട്. ജില്ലയിൽ ഡെപ്യൂട്ടി ഡയറക്ടർക്കാണ് സർവ്വെ ചുമതല.

date