Skip to main content
നിർമ്മാണം പൂർത്തീകരിച്ച ഐസൊലേഷൻ വാർഡ് MLA സന്ദർശിച്ചു

വടക്കാഞ്ചേരി ജില്ലാ ആശുപത്രി  ഐസൊലേഷൻ വാർഡ് 17ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും 

 

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൻ്റെ നിർമ്മാണം പൂർത്തിയായി. ഡിസംബർ 17ന് പകൽ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിക്കും. 1.79 കോടി രൂപയാണ് ഐസൊലേഷൻ വാർഡിൻ്റെ നിർമ്മാണ ചിലവ്. എം എൽ എ ആസ്തി വികസന ഫണ്ട് പ്രയോജനപ്പെടുത്തി കിഫ്ബി മുഖേനയാണ്  ഐസൊലേഷൻ വാർഡ് ഒരുക്കിയത്. നിപ - കോവിഡ് മഹാമാരികളുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് 140 ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ആദ്യഘട്ടത്തിൽ പൂർത്തീകരിച്ച 15 ഐസൊലേഷൻ വാർഡുകളുടെ ഉദ്ഘാടനമാണ് 17ന് നടക്കുന്നത്.

 നിപ, കോവിഡ് പോലെയുള്ള വൈറസ് ബാധയേറ്റ രോഗികളെ മറ്റു രോഗികളിൽ നിന്നും മാറ്റി പ്രത്യേക ചികിത്സ നടത്തുന്നതിനുവേണ്ടിയുള്ള സൗകര്യമാണ് ഇതുവഴി ഒരുങ്ങുന്നത്. 10 കിടക്കകളുടെ സൗകര്യമുണ്ടാകും. 2400 സ്ക്വയർ ഫീറ്റിൽ പ്രീ-ഫാബ്രിക്കേറ്റഡ് മാതൃകയിൽ നിർമ്മിച്ച കെട്ടിടവും ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നതിനാവശ്യമായ എല്ലാ ഉപകരണങ്ങളും ഈ പദ്ധതി വഴി ലഭ്യമാക്കിയിട്ടുണ്ട്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡാണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. 

ഡിസംബർ 17 ന് പകൽ 12 മണിക്ക് ഐസൊലേഷൻ വാർഡ് ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്നു. സേവ്യർ ചിറ്റിലപ്പിളളി എം എൽ എ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർമാൻ ഷീല മോഹനൻ, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി ആർ അരവിന്ദാക്ഷൻ, ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു തോമസ് തുടങ്ങിയവർ സംസാരിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാര - വ്യവസായി സംഘടനകൾ, യുവജന - ജീവകാരുണ്യ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌  പി കെ ഡേവിസ് മാസ്റ്റർ ചെയർമാനായി 101 സംഘാടക സമിതി രൂപീകരിച്ചു.

date