Skip to main content
വേലൂർ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി ലീഗൽ ഗാർഡിയൻഷിപ്പ് ഹിയറിങ്ങിൽ കലക്ടർ ഹരിത വി കുമാർ സംസാരിക്കുന്നു

സമ്പൂര്‍ണ ഭിന്നശേഷി ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്; സംസ്ഥാനത്തെ ആദ്യ പഞ്ചായത്താവാന്‍ വേലൂര്‍

 

സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ 25നകം അപേക്ഷ നല്‍കണം

സംസ്ഥാനത്ത് ആദ്യമായി ഭിന്നശേഷി വിഭാഗത്തിന് നിയമപരമായ പിന്തുണ നല്‍കുന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കാന്‍ ഗ്രാമപഞ്ചായത്ത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ഹിയറിംഗില്‍ പഞ്ചായത്തിലെ 35 പേര്‍ക്ക് ലീഗല്‍ ഗാഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കി. 

പഞ്ചായത്തില്‍ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആരെങ്കിലും ബാക്കിയുണ്ടെങ്കില്‍ അവര്‍ ഡിസംബര്‍ 25നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പിന്റെ സാധ്യതകള്‍ എന്തെല്ലാമാണെന്ന് ജനങ്ങള്‍ തിരിച്ചറിയണമെന്നും അതിനായി ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലും ബോധവത്കരണം നല്‍കണമെന്നും നാഷനല്‍ ട്രസ്റ്റ് ആക്ടിന്റെ കീഴിലുള്ള ലോക്കല്‍ ലെവല്‍ കമ്മിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കലക്ടര്‍ പറഞ്ഞു. സമ്പൂര്‍ണ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് പ്രഖ്യാപനം ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു

നാഷനല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വിവിധ ആനുകൂല്യം ലഭ്യമാകുന്നതിനും നിയമപരമായ പരിരക്ഷ ലഭിക്കുന്നതിനുമാണ് ഗാര്‍ഡിയന്‍ഷിപ്പ് നല്‍കുന്നത്. സാധാരണ നിലയില്‍ 18 വയസ്സ് വരെ മാതാപിതാക്കളായിരിക്കും കുട്ടികളുടെ നിയമപരമായ രക്ഷിതാക്കള്‍. നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍വരുന്ന ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് 18 വയസ്സ് കഴിഞ്ഞാലും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് നിയമപരമായ രക്ഷകര്‍തൃത്വം ഉറപ്പുവരുത്തുന്നതാണ് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്. 
 
വേലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ഹിയറിംഗില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ഷോബി, ലോക്കല്‍ ലെവല്‍ കമ്മിറ്റി കണ്‍വീനര്‍ ശാന്ത മേനോന്‍, ലോക്കല്‍ ലെവല്‍ കമ്മിറ്റി അംഗങ്ങളായ ഡോ. റെജി ജോര്‍ജ്, സി സുശീല കുമാരി, വനിത സെല്‍ ഇന്‍സ്‌പെക്ടര്‍ പി വി സിന്ധു, ജില്ലാ കോര്‍ഡിനേറ്റര്‍ സതി പ്രേമചന്ദ്രന്‍, ഡിസ്റ്റിക് രജിസ്ട്രാര്‍ സി പി വിന്‍സന്റ്, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് സിനോ സേവി തുടങ്ങിയവര്‍ പങ്കെടുത്തു.

date