Skip to main content
കാഞ്ഞൂർ സെൻറ് മേരീസ് ഫൊറോന പള്ളി തിരുനാളിനോടനുബന്ധിച്ച് അൻവർ സാദത്ത് എം.എൽ.എ യുടേയും ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെയും നേതൃത്വത്തിൽ ചേർന്ന യോഗം

കാഞ്ഞൂര്‍ പള്ളി തിരുനാള്‍:  ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കണം: അന്‍വര്‍ സാദത്ത് എം.എല്‍.എ

 

കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി തിരുനാളിനോടനുബന്ധിച്ച് പ്രദേശത്തെ ലഹരി വിരുദ്ധ പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ ആവശ്യപ്പെട്ടു. തിരുനാളുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി എം.എല്‍.എയുടെയും ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി വില്‍പന സംഘങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനായി എക്‌സൈസ് പരിശോധന കര്‍ശനമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

തിരുനാള്‍ സുഗമമായി നടത്തുന്നതിന് വിവിധ വകുപ്പുകള്‍ സമയബന്ധിതമായും സംയുക്തമായും പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. പശ്ചാത്തല വികസനമുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ കാലാവസ്ഥ അനുകൂലമാവുന്നതോടെ വേഗത്തിലാക്കണമെന്നും കളക്ടര്‍ പറഞ്ഞു. 

ജനുവരി 19, 20, 26,27 തീയതികളിലാണ് കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ തിരുനാള്‍ നടക്കുന്നത്. തിരുനാള്‍ ദിവസങ്ങളില്‍ ക്രമസമാധാനച്ചുമതലക്കായി കൂടുതല്‍ പോലീസുകാരെ വിന്യസിക്കും. ഹോംഗാര്‍ഡ് ഉള്‍പ്പടെയുള്ളവരുടെ സേവനം ഇതിനായി വിനിയോഗിക്കും. പള്ളിയുടെ സമീപ പ്രദേശങ്ങളില്‍ പാര്‍ക്കിങ്ങ് നിരോധിക്കുകയും കൂടുതല്‍ പാര്‍ക്കിങ്ങ് ഗ്രൗണ്ടുകള്‍ സജ്ജമാക്കുകയും ചെയ്യും. 

എക്‌സൈസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പള്ളിയോട് ചെര്‍ന്ന് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. വിവിധ റേഞ്ച് ഓഫീസുകളുടെയും സ്‌ക്വാഡുകളുടെയും നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തും. 

വൈദ്യുതി ബന്ധം വിച്ഛേദിക്കാതിരിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ വൈദ്യുത വകുപ്പിന് നിര്‍ദേശം നല്‍കി. തിരുനാള്‍ ദിനങ്ങളില്‍ പള്ളിയിലേക്കെത്തുന്നതിനാവശ്യമായ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ആലുവ, അങ്കമാലി, പെരുമ്പാവൂര്‍ ഡിപ്പോകളില്‍ നിന്ന് ഏര്‍പ്പെടുത്തും. സ്വകാര്യ ബസുകള്‍ക്ക് താത്കാലിക പെര്‍മിറ്റും നല്‍കും. ടാക്‌സി വാഹനങ്ങള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് തടയുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തും. 

പൂര്‍ണമായും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കും തിരുനാള്‍ നടത്തുന്നത്. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തും. കുടിവെള്ളം പരിശോധിക്കുന്നതിനായി മൊബൈല്‍ ലാബും പ്രവര്‍ത്തിക്കും.  ഭക്ഷ്യ വസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്നത് തടയുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പ് പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തും. തിരുനാള്‍ ദിവസങ്ങളില്‍ അഗ്‌നി രക്ഷാ സേനാ ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പാക്കും. 

യോഗത്തില്‍ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി, കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദന്‍,  അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍, ഫോര്‍ട്ട് കൊച്ചി ആര്‍.ഡി.ഒ പത്മേന്ദ്രക്കുറുപ്പ്, അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് അനൂജ് ലാല്‍, കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ.ജോസഫ് കണിയാമ്പറമ്പില്‍, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ സെബാസ്റ്റ്യന്‍ പോള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date