Skip to main content

സി-ഡിറ്റ് സ്ഥാപകദിനാഘോഷം; എക്സിബിഷനും നവീകരിച്ച വെബ്സൈറ്റും മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു

സി-ഡിറ്റിന്റെ (സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി 35-ാം സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എക്സിബിഷനും നവീകരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനവും വ്യവസായ, നിയമവകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു. തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തെ സിഡിറ്റിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട സാങ്കേതിക വിദ്യകളുടെ അപൂർവ്വമായ പ്രദർശനമാണ് ഒരുക്കിയത്.

വേഗമേറിയ ലോകത്തിനൊപ്പം സഞ്ചരിക്കാൻ കഴിഞ്ഞില്ലെങ്കിൽ സാങ്കേതിക വിദ്യയും സ്ഥാപനങ്ങളും കാലഹരണപ്പെട്ട് പോകുമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പോർട്ടൽ ഉൾപ്പെടെ സർക്കാർ സേവനങ്ങൾക്ക് സഹായകമാകുന്ന വെബ്പോർട്ടലുകൾ സി-ഡിറ്റ്  വികസിപ്പിച്ചിട്ടുണ്ട്. ഇവ കൂടുതൽ വികസിതമായി മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രയത്നങ്ങളാണ് സി-ഡിറ്റിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വി.കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ പാളയം രാജൻ ആശംസകൾ അറിയിച്ചു. സി-ഡിറ്റ് ഡയറക്ടർ ജയരാജ് ജി., രജിസ്ട്രാർ ജയദേവ് ആനന്ദ് എ.കെ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്സ്. 6140/2022

date