Skip to main content

മെഡിക്കൽ ഗവേഷണ ശാക്തീകരണത്തിന് ദ്വിദിന ദേശീയ സമ്മേളനം 16 മുതൽ

മെഡിക്കൽ ഗവേഷണമേഖലയെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ, ബയോമെഡിക്കൽ മേഖലകളിലെ ജ്ഞാന വിവർത്തന ഗവേഷണ ( Knowledge Translation Research) വുമായി ബന്ധപ്പെടുത്തി രണ്ടു ദിവസം നീളുന്ന ദേശീയ സമ്മേളനം ഡിസംബർ 16, 17 തീയതികളിൽ കൊച്ചിയിൽ നടക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ആരംഭിക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 16ന് രാവിലെ 11 മണിക്ക് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി അദ്ധ്യക്ഷത വഹിക്കും.

ഗവേഷണം വഴി സൃഷ്ടിക്കപ്പെടുന്ന അറിവിനെ സേവനങ്ങളും ഉത്പ്പന്നങ്ങളുമാക്കി മാറ്റാനാണ് ജ്ഞാന വിവർത്തന ഗവേഷണ പദ്ധതികൾ സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിൽ വിവിധ പഠനമേഖലകളെ ബന്ധിപ്പിച്ചുള്ള ജ്ഞാന വിവർത്തന ഗവേഷണകേന്ദ്രങ്ങൾ ആരംഭിക്കാൻ ഇതിനകം അനുമതി നൽകിയിട്ടുണ്ട്.

വ്യവസായം, ധനകാര്യം, ആരോഗ്യം, കൃഷി, മൃഗസംരക്ഷണം വകുപ്പ് മന്ത്രിമാർ ചടങ്ങിൽ അതിഥികളായിരിക്കും. കൂടാതെ ജ്ഞാന വിവർത്തന ഗവേഷണകേന്ദ്രങ്ങൾ സ്ഥാപിക്കാൻ സർക്കാർ തിരഞ്ഞെടുത്ത സർവ്വകലാശാലകളുടെ വൈസ്  ചാൻസലർമാരും കേന്ദ്രങ്ങളുടെ ഡയറക്ടർമാരും ചടങ്ങിൽ പങ്കെടുക്കും. ജ്ഞാന വിവർത്തന ഗവേഷണരംഗത്തെ ലോകപ്രശസ്തരായ പ്രൊഫ. സമീർ ബ്രഹ്‌മചാരി (മുൻ ഡയറക്ടർ ജനറൽ സി.എസ്.ഐ.ആർ), പ്രൊഫ. സലീം യൂസഫ് (സ്‌കൂൾ ഓഫ് മെഡിസിൻ, മക്മാസ്റ്റർ സർവ്വകലാശാല, കാനഡ) എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകും.

കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് സമ്മേളനം. മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ലഭിച്ചവരും, സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ അസിസ്റ്റൻറ് പ്രൊഫസർമാരും അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികളും, പി. ജി വിദ്യാർത്ഥികളും സമ്മേളനത്തിൽ പങ്കെടുക്കും.

പി.എൻ.എക്സ്. 6147/2022

date