Skip to main content

കുടുംബശ്രീ ഉത്പന്ന ഭക്ഷ്യ വിപണന മേള ആരവം 2022 ഇന്ന് മുതല്‍ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും

കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഉത്പന്ന- ഭക്ഷ്യ പ്രദര്‍ശന വിപണന മേള 'ആരവം 2022' ഇന്ന് (ഡിസംബര്‍ 23) മുതല്‍ 30 വരെ പാലക്കാട് ഇന്ദിരഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്ത് നടക്കും. തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഇന്ന് (ഡിസംബര്‍ 23) വൈകിട്ട് നാലിന് മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മുഖ്യാതിഥിയാകും. പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ അധ്യക്ഷയാകുന്ന പരിപാടിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.എസ് മനോജ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സുധാകരന്‍, പാലക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ ഇ. കൃഷ്ണദാസ്, നഗരസഭ കൗണ്‍സിലര്‍ അനുപമ നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ കെ. ഉണ്ണികൃഷ്ണന്‍, പാലക്കാട് സൗത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.ഡി റീത്ത, നോര്‍ത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ. സുലോചന, കുടുംബശ്രീ ഗവേണിങ് ബോര്‍ഡ് അംഗവും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മരുതി മുരുകന്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ആര്‍. ലക്ഷ്മി എന്നിവര്‍ പങ്കെടുക്കും.

മേളയില്‍ നാല്‍പതോളം സ്റ്റാളുകള്‍; പ്രവേശനം സൗജന്യം

ക്രിസ്മസും പുതുവത്സരവും ആഘോഷിക്കുന്നതിനും ജില്ലയിലെ വനിതാ സംരംഭകരുടെ വിവിധ ഉത്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മേള സംഘടിപ്പിക്കുന്നത്. കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍ പരിചയപ്പെടുത്തുന്ന തീമാറ്റിക് സ്റ്റാളുകളും വനിതാ സംരംഭകരുടെയും ഗോത്ര വര്‍ഗ ജനതയുടെയും വൈവിധ്യങ്ങളാര്‍ന്ന ഉത്പന്നങ്ങളും ബഡ്സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളും ഉള്‍പ്പെടെയുള്ള നാല്‍പതോളം സ്റ്റാളുകളാണ് മേളയിലുള്ളത്. ഒപ്പം കുടുംബശ്രീ കഫേ യൂണിറ്റുകളുടെ ഫുഡ് ഫെസ്റ്റും കലാ സാംസ്‌കാരിക സായാഹ്നവും ഉണ്ടായിരിക്കും. ദിവസവും വൈകിട്ട് അഞ്ച് മുതല്‍ ഒന്‍പത് വരെയാണ് കലാപരിപാടികള്‍ അരങ്ങേറുക. വോക്കല്‍ ആര്‍ട്ടിസ്റ്റുകള്‍, ബാലസഭ-ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പരിപാടികള്‍, കുടുംബശ്രീ നാട്ടുപൊലിമ നാടന്‍പാട്ട് തുടങ്ങിയ പരിപാടികള്‍ അരങ്ങുണര്‍ത്തും. ഗോത്ര ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിനായി പ്രത്യേകം സ്റ്റാളുകളും ഒരുക്കുന്നുണ്ട്. ഗോത്ര വര്‍ഗ വിഭാഗത്തിന്റെ തനത് ഭക്ഷണ വിഭവങ്ങളും പോഷകാഹാരങ്ങളും ഉള്‍പ്പെടുത്തിയുള്ള ഫുഡ് ഫെസ്റ്റും മേളയില്‍ ഉണ്ടാകും. ഡിസംബര്‍ 30 ന് തുടി എന്ന ഗോത്ര കല പ്രദര്‍ശിപ്പിക്കും. ദിവസവും രാവിലെ ഒന്‍പത് മുതല്‍ രാത്രി 8.30 വരെയാണ് മേള ഉണ്ടാവുക. പ്രവേശനം സൗജന്യമാണ്.

വിളംബര ജാഥ നടന്നു

കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ അംഗങ്ങളുടെ ഉത്പന്ന ഭക്ഷ്യ വിപണന മേള ആരവം 2022-നോടനുബന്ധിച്ച് വിളംബര ജാഥ നടന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ കെ. ഉണ്ണികൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത വിളംബരജാഥ പാലക്കാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ച് സ്റ്റേഡിയത്ത് സമാപിച്ചു. കുടുംബശ്രീ ഭാരവാഹികള്‍, കുടുംബശ്രീ അംഗങ്ങള്‍, സി.ഡി.എസ് അംഗങ്ങള്‍, കുടുംബശ്രീ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ പങ്കെടുത്തു.
 

 

ബോധിത വടംവലി മത്സരം ഇന്ന്

പാലക്കാട് കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഉത്പന്ന-ഭക്ഷ്യ പ്രദര്‍ശന വിപണന മേള ആരവം-2022 ന്റെ ഭാഗമായി ലഹരിക്കെതിരെ ബോധിത എന്ന പേരില്‍ ഇന്ന് (ഡിസംബര്‍ 23) രാവിലെ 10 ന് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്ത് വടംവലി മത്സരം നടത്തും. 64-ാം സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ 200, 400, 600 മീറ്റര്‍ അത്‌ലറ്റിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ കൊടുവായൂര്‍ ജി.എച്ച്.എസ്.എസിലെ കെ. നിവേദ്യ മുഖ്യാതിഥിയാകും. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, കുടുംബശ്രീ അക്കൗണ്ടന്റുമാര്‍, മറ്റ് കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ മത്സരത്തില്‍ പങ്കെടുക്കും.
 

date