Skip to main content

ലഹരിവിരുദ്ധ പ്രചരണത്തിന് ഊന്നൽ നല്‍കി എൻഎസ്എസ് സഹവാസ ക്യാമ്പുകൾ

നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ലഹരി വിരുദ്ധ പ്രചാരണത്തിന് ഊന്നൽ നൽകിയാണ് ഇക്കുറി ക്യാമ്പുകൾ നടക്കുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 26ന് ഇരിങ്ങാലക്കുട യു.പി. സ്‌കൂളിൽ നിർവ്വഹിക്കുമെന്ന് മന്ത്രി അറിയിച്ചു.

സർക്കാരിന്റെ ലഹരിമുക്ത കേരളം പദ്ധതിയുമായി കൈകോർത്ത് ബൃഹത്തായ ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികളാണ് എല്ലാ യൂണിറ്റുകളും ഏറ്റെടുക്കുന്നത്.

സംസ്ഥാനത്തെ 4000 ദത്തുഗ്രാമങ്ങളിലായി 4000 സപ്തദിന സ്‌പെഷ്യൽ ക്യാമ്പുകളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാവർഷവും ഡിസംബറിലെ അവധിക്കാലത്താണ് സപ്തദിന സഹവാസ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ഒരു സപ്തദിന ക്യാമ്പിലെങ്കിലും പങ്കെടുക്കുകയും എൻഎസ്എസിന്റെ പ്രവർത്തനങ്ങളിൽ 240 മണിക്കൂർ പൂർത്തിയാക്കുകയും ചെയ്യുന്ന വോളന്റിയർമാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

നൈപുണ്യ വികസന പ്രവർത്തനങ്ങൾ, വയോജനക്ഷേമ പ്രവർത്തനങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ, സർക്കാർ സേവനങ്ങളെ പരിചയപ്പെടുത്തൽ, ചെറുമാന്തോപ്പ് പദ്ധതി, ഇരുപതിനായിരം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്ന തേൻകനി പദ്ധതി, അടിയന്തരഘട്ടങ്ങളിൽ ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുവാനുള്ള പരിശീലനം നൽകുന്ന സന്നദ്ധം പദ്ധതി, നിപുണം (ഉത്പാദന സാധ്യതകൾ കണ്ടെത്തി അവ വോളന്റിയർമാരെ പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനം), ഭൂമിജം (സ്‌കൂൾ ഉച്ചഭക്ഷണ പച്ചക്കറിത്തോട്ടം), സമജീവനം (ലിംഗവിവേചനം, സ്ത്രീധന ദുരാചാരം, സ്ത്രീ ചൂഷണം എന്നിവക്കെതിരായ സമത്വ ക്യാമ്പയിൻ) തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ സപ്തദിന ക്യാമ്പിനോട് അനുബന്ധിച്ച് നടത്തുന്നതായും മന്ത്രി പറഞ്ഞു.

പി.എൻ.എക്സ്. 6311/2022

date