Skip to main content

അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിന് മദർ-ന്യൂബോൺ കെയർ യൂണിറ്റ്

സംസ്ഥാനത്തെ ആദ്യ സംരംഭം പുതുവർഷത്തിൽ പ്രവർത്തനമാരംഭിക്കും

സംസ്ഥാനത്ത് ആദ്യമായി അമ്മയ്ക്കും കുഞ്ഞിനും ഒരുമിച്ചുള്ള പരിചരണത്തിനായി മദർ-ന്യൂബോൺ കെയർ യൂണിറ്റ് (എം.എൻ.സി.യു) കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ സജ്ജമായി. ജനുവരി രണ്ടിന് ഉച്ചയ്ക്ക് 1.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.

നവജാതശിശു ചികിത്സ മേഖലയിൽ ഈ സംരംഭം ഒരു നാഴികക്കല്ലായി മാറുമെന്ന് മന്ത്രി പറഞ്ഞു. നവജാത ശിശുക്കളുടെ പരിചരണത്തിൽ അമ്മമാരുടെ സാന്നിധ്യം ഉറപ്പാക്കിയുള്ള ചികിത്സാ പദ്ധതിയാണ് എം.എൻ.സി.യു. ആഗോളതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു നൂതന ആശയമാണിത്. ഇതിലൂടെ മാതൃശിശു ബന്ധം ഊട്ടിയുറപ്പിക്കുന്നതിനോടൊപ്പംനവജാത ശിശു പരിചരണവുംകരുതലുംമുലയൂട്ടലുംകൂടുതൽ ശക്തമാകുന്നു. ഇതിലൂടെ കുഞ്ഞിന്റെ വേഗത്തിലുള്ള രോഗമുക്തിയും കുറഞ്ഞ ആശുപത്രി വാസവും ഉറപ്പാക്കാൻ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി.

ഇന്ത്യയിൽ നാമമാത്രമായി വിരലിലെണ്ണാവുന്ന കേന്ദ്രങ്ങളിൽ മാത്രമേ ഈ സംവിധാനം നിലവിലുള്ളൂ. ആധുനിക സൗകര്യങ്ങളോട് കൂടിയ എം.എൻ.സി.യു.യിൽ എട്ട് കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്.

ഉത്തര കേരളത്തിൽ പൊതുജനാരോഗ്യ മേഖലയിൽ ഒരു പ്രധാന റഫറൽ സെന്ററാണ് മാതൃശിശു സംരക്ഷണ കേന്ദ്രം. പ്രതിവർഷം അയ്യായിരത്തോളം നവജാത ശിശുക്കളെ ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സിക്കുന്നു. കോഴിക്കോടിന്റെ സമീപ ജില്ലകളിലെയും വയനാട് തുടങ്ങി ആദിവാസ മേഖലകളിലെയും കുഞ്ഞുങ്ങളുടെ ആരോഗ്യ പരിപാലനത്തിനുള്ള ഒരു പ്രധാന ആശ്രയമാണ് ഇവിടം. ഇത് മുന്നിൽ കണ്ട് ഈ സർക്കാർ നിയോനാറ്റോളജി വിഭാഗം പുതുതായി ആരംഭിച്ചു. ലക്ഷ്യ സർട്ടിഫിക്കേഷനും മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവും നേടിയ ആശുപത്രിയാണിത്. മുലപ്പാൽ ബാങ്കും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

ജനനം മുതൽ 28 ദിവസം വരെയുള്ള നവജാത ശിശുക്കളുടെ പ്രത്യേക തീവ്ര പരിചരണം ഇവിടെ ലഭിക്കും. മാസം തികയാതെതൂക്ക കുറവുള്ള ശിശുക്കളുടെ വെന്റിലേറ്റർ അടക്കമുള്ള തീവ്ര പരിചരണം ഇവിടെ സജ്ജമാണ്. പീഡിയാട്രിക് സർജറി വിഭാഗത്തിന്റെ സഹകരണത്തോടു കൂടി സങ്കീർണമായ ശസ്ത്രക്രിയ ആവശ്യമായ ശിശുക്കളുടെ ചികിത്സയും ലഭ്യമാണ്.

പി.എൻ.എക്സ്. 6407/2022

date