Skip to main content

ദൂരദര്‍ശന്‍ പ്രാദേശിക ചാനലുകള്‍ ഉടന്‍ പുനവതരിപ്പിക്കും:  കേന്ദ്രമന്ത്രി എൽ. മുരുകന്‍ 

 

കോട്ടയം: ദൂരദര്‍ശന്റെ പ്രാദേശിക കേന്ദ്രങ്ങൾ കാലാനുസൃതമായി പരിഷ്‌കരിച്ച് ഉടന്‍ തന്നെ പുനരവതരിപ്പിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിതരണപ്രക്ഷേപണകാര്യ സഹമന്ത്രി അഡ്വ.ഡോ. എല്‍. മുരുകന്‍. മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ (ഐഐഎംസി)
പാമ്പാടിയിലെ ദക്ഷിണേന്ത്യന്‍ ക്യാംപസ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.  ദൂരദർശന്റെ തമിഴ് പ്രാദേശിക ചാനലിന്റെ നവീകരിച്ച പതിപ്പ് ഈ വർഷം ഏപ്രിലോടെ സംപ്രേക്ഷണം തുടങ്ങുമെന്നും ക്യാംപസിൽ വിദ്യാർഥികളുമായി നടത്തിയ ചോദ്യോത്തര വേളയ്ക്കിടെ അദ്ദേഹം പറഞ്ഞു.
ഒ.ടി.ടിയുടെ പ്രളയകാലത്ത് അവയ്‌ക്കെതിരേ സ്വയം നിയന്ത്രണ സംവിധാനം മാത്രമേ സർക്കാർ ലക്ഷ്യമിടുന്നുള്ളു എന്നും മാധ്യമവിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 
  സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് ഭരണഘടനയില്‍ അഭിപ്രായസ്വാതന്ത്ര്യം മൗലികാവകാശമാക്കിയ അംബേദ്ക്കറുടെ രാജ്യമാണിത്. എന്നാല്‍, മാധ്യമപ്രവര്‍ത്തകര്‍ മാധ്യമധര്‍മ്മവും നൈതികതയും പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വ്യാജവാര്‍ത്തയുടെ മഹാമാരിക്കാലമാണിത്. ഇക്കാലത്ത് മാധ്യമവിദ്യാര്‍ത്ഥികള്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ ഭീഷണിയും വ്യാജവാര്‍ത്ത എന്ന വൈറസാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഐഐഎംസിയും ഐഐഐടിയുമടക്കം കോട്ടയത്തെത്തിച്ച താന്‍ കോട്ടയത്തെ കേരളത്തിന്റെ അറിവിന്റെ ആസ്ഥാനമാക്കാനാണ് ശ്രമിച്ചതെന്ന് ചടങ്ങില്‍ പങ്കെടുത്ത രാജ്യസഭാംഗം ജോസ് കെ മാണി പറഞ്ഞു.  മികവിന്റെ കേന്ദ്രമായിക്കൊണ്ടേ ഐഐഎംസി പോലുള്ള സ്ഥാപനങ്ങള്‍ക്ക് ദേശീയ ശ്രദ്ധ നേടാനാവൂ എന്ന്  തോമസ് ചാഴികാടന്‍ എം.പി. പറഞ്ഞു. 
ഐഐഎംസി റീജനല്‍ ഡയറക്ടര്‍ പ്രഫ.ഡോ. അനില്‍കുമാര്‍ വടവാതൂര്‍, ഐഐഐടി റജിസ്ട്രാര്‍ ഡോ രാധാകൃഷ്ണന്‍, അധ്യാപികമാരായ ആഷിഖ സുല്‍ത്താന, പി. എസ് ശരണ്യ എന്നിവര്‍ പ്രസംഗിച്ചു. ദക്ഷിണേന്ത്യന്‍ ക്യാംപസിന്റെ ഉപഹാരം റീജനല്‍ ഡയറക്ടര്‍ കേന്ദ്രമന്ത്രിക്ക് സമ്മാനിച്ചു.

ഡോ അനില്‍കുമാര്‍ വടവാതൂര്‍ രചിച്ച മന്നത്ത് പദ്മനാഭന്‍ എന്ന ജീവചരിത്ര ഗ്രന്ഥം ജോസ് കെ മാണിക്ക് നല്‍കി കേന്ദ്ര മന്ത്രി ഡോ. എല്‍ മുരുകന്‍ പ്രകാശിപ്പിച്ചു. യു.എസ് എംബസിയും ഐഐഎംസിയും ചേര്‍ന്ന് പ്രൊഫഷനല്‍ മികവിനായി കോട്ടയം കേന്ദ്രത്തില്‍ നടത്തിയ കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രി വിതരണം ചെയ്തു. മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ സ്മരണാര്‍ത്ഥം ക്യാംപസില്‍ തെങ്ങിന്‍തൈ നടുകയും ഫലകം പ്രകാശിപ്പിക്കുകയും ചെയ്തു.
വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ മുഴുവന്‍ കണ്ട് ക്യാംപസ് മുഴുവന്‍ ചുറ്റിക്കണ്ട  ശേഷമാണ് കേന്ദ്ര മന്ത്രി ഡോ. എല്‍ മുരുകന്‍ മടങ്ങിയത്.

ഫോട്ടോ ക്യാപ്ഷൻ

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ 
പാമ്പാടിയിലെ ദക്ഷിണേന്ത്യന്‍ ക്യാംപസ് സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര വാര്‍ത്താവിതരണപ്രക്ഷേപണകാര്യ സഹമന്ത്രി അഡ്വ.ഡോ. എല്‍. മുരുകന്‍ വിദ്യാർഥികളെ അഭിസംബോധന ചെയ്യുന്നു.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ 
പാമ്പാടിയിലെ ദക്ഷിണേന്ത്യന്‍ ക്യാംപസ് സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര വാര്‍ത്താവിതരണപ്രക്ഷേപണകാര്യ സഹമന്ത്രി അഡ്വ.ഡോ. എല്‍. മുരുകന്‍ ക്യാംപസിൽ തെങ്ങിൻ തൈ നടുന്നു.

( കെ.ഐ.ഒ. പി.ആർ. 1/2023)
 

date